കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും; അധികാരത്തിലെത്തിയാൽ യുഡിഎഫിൽ കലഹം ഉറപ്പെന്ന്; വെള്ളാപ്പള്ളി നടേശൻ

കൊച്ചി: കേരളത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ. അതിന് തന്റേതായ ന്യായങ്ങൾ ഉണ്ടെന്നും എൽഡിഎഫ് സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നും, ബിജെപി ഒരു തിരുത്തൽ ശക്തിയായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എറണാകുളം പറവൂർ യൂണിയൻ എസ്എൻഡിപി യോഗം നൽകിയ സ്വീകരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുന്നണിക്കുള്ളിൽ കലഹം ഉറപ്പാണെന്നും അദ്ദേഹം വിമർശിച്ചു.
യുഡിഎഫിനെ കടുത്ത ഭാഷയിൽ വിമർശിച്ച വെള്ളാപ്പള്ളി, കോൺഗ്രസിൽ ഹൈക്കമാൻഡ് ഇല്ലേയെന്ന് ചോദിച്ചു. ലീഗ് കോൺഗ്രസിന്റെ ഹൈക്കമാൻഡായി മാറുകയാണെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആരെന്നത് ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നും, എൽഡിഎഫ് അധികാരത്തിൽ വന്നാൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നതാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയനെ അടുത്തറിയുന്ന ആരും അദ്ദേഹത്തെ തള്ളി പറയില്ലെന്നും, എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംവിധാനം അത്ര കാര്യക്ഷമമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫിന് 100 സീറ്റ് ലഭിക്കില്ലെന്നും, വി.ഡി. സതീശൻ “വനവാസത്തിന് പോകരുത്, നല്ല പൊതുപ്രവർത്തകനാണ്” എന്നും അദ്ദേഹം പരിഹസിച്ചുവെന്നും പ്രതികരിച്ചു.




