പുഷ്പവതിയുടെ സംഗീത പരിപാടിക്ക് അനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണം; ആവശ്യവുമായി മന്ത്രി

തിരുവനനന്തപുരം : മാനവീയം വീഥിയിൽ ഗായിക പുഷ്പവതിയുടെ സംഗീത പരിപാടിക്ക് അനുമതി നിഷേധിച്ച കോർപ്പറേഷന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. മലയാളത്തിലെ മികച്ച ഗായികമാരിൽ ഒരാളാണ് പുഷ്പവതിയെന്നും കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർപേഴ്സണായി അവർ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സർഗാത്മക പ്രവർത്തനങ്ങൾ നടക്കുന്ന ഇടമാണ് മാനവീയം വീഥി. കലാകാരൻമാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും അവിടെ പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ നിഷേധിക്കുന്നതും ആശാസ്യമല്ല. കോർപ്പറേഷൻ തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
മാനവീയം രജത ജൂബിലി സാംസ്കാരിക കൂട്ടായ്മ എന്ന സംഘടന ശനിയാഴ്ചയാണ് സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്. നടപടി ക്രമങ്ങൾ പാലിച്ച് പരിപാടിക്ക് അപേക്ഷ നൽകിയിട്ടും കാരണമൊന്നുമില്ലാതെ അനുമതി നിഷേധിക്കുകയായിരുന്നു എന്ന് സംഘാടകർ പറഞ്ഞു.ഗായിക പുഷ്പവതിയെ കുറിച്ച് താൻ കേട്ടിട്ടില്ലെന്നാണ് മേയർ വി.വി. രാജേഷ് നേരത്തെ പറഞ്ഞത്.
സ്മാർട്ട് മിഷന് കീഴിലുള്ള ഫണ്ട് ഉപയോഗിച്ച് നവീകരിച്ചതിനാൽ മാനവീയം വീഥിയുടെ പരിപാലന ചുമതല സംസ്ഥാന സർക്കാർ കോർപ്പറേഷനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. മാനവീയം വീഥിയുടെ രജത ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമ്പോൾ സർക്കാരിന്റെ അറിവും അംഗീകാരവും വേണം. എന്നാൽ സംഘടന രൂപീകരിച്ചതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഉത്തരവുകളൊന്നും കണ്ടെത്താനായില്ല. കോർപ്പറേഷനും ഇക്കാര്യം അറിയില്ലെന്നും രാജേഷ് വ്യക്തമാക്കി.




