News

ഡെലിവറി തൊഴിലാളികൾക്ക് വൻ ആനുകൂല്യങ്ങൾ; 15 ലക്ഷം രൂപയുടെ ഇൻഷുറൻസും ഇടപാടുകളിൽ 1% വിഹിതവും പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

തെലങ്കാനയിലെ ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിനായി സമഗ്രമായ സാമൂഹിക സുരക്ഷാ പദ്ധതികൾ പ്രഖ്യാപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെലങ്കാന ഗിഗ് വർക്കേഴ്സ് ആൻഡ് സോഷ്യൽ സെക്യൂരിറ്റി വെൽഫെയർ പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് തൊഴിലാളികൾക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായത്.

പുതിയ പദ്ധതി പ്രകാരം ഗിഗ് തൊഴിലാളികൾക്ക് 5 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും സംസ്ഥാന സർക്കാർ ഉറപ്പാക്കും. ഇതിന് പുറമെ, ഓരോ ഡെലിവറി ഇടപാടിൽ നിന്നും 1% തുക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭ്യമാക്കുന്ന സംവിധാനവും നടപ്പിലാക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

ദീർഘനേരം വെയിലത്തും മഴയത്തും യാത്ര ചെയ്യേണ്ടിവരുന്ന ഡെലിവറി തൊഴിലാളികളുടെ ദുരിതം പരിഹരിക്കുന്നതിനായി തെലങ്കാനയിലെ വിവിധ നഗരങ്ങളിൽ വൈഫൈ സൗകര്യത്തോടുകൂടിയ പ്രത്യേക വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാനും ജോലിക്കിടയിൽ വിശ്രമിക്കാനുമുള്ള ആധുനിക സൗകര്യങ്ങൾ ഈ കേന്ദ്രങ്ങളിൽ ഒരുക്കും. കൂടാതെ, തൊഴിലാളികൾ പൂർത്തിയാക്കിയ യാത്രകൾ, ഡെലിവറികൾ, ലഭിക്കേണ്ട പ്രതിഫലം എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ സ്വന്തം മൊബൈൽ ഫോണിലൂടെ സുതാര്യമായി അറിയാൻ കഴിയുന്ന ഡിജിറ്റൽ സംവിധാനവും പുതിയ നിയമത്തിലൂടെ ഉറപ്പാക്കും.

നേരത്തെ തെലങ്കാനയിലെ ഗിഗ് തൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്ചകളിൽ നിന്നും അവർ നേരിടുന്ന തൊഴിൽപരമായ വെല്ലുവിളികൾ നേരിട്ട് മനസ്സിലാക്കിയിരുന്നുവെന്ന് രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും അവർക്ക് അർഹമായ സംരക്ഷണം നൽകാനും അന്ന് കോൺഗ്രസ് പാർട്ടിയും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും നൽകിയ ഉറപ്പാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button