റെഡ് ബുക്കിലെ 20 കോടി എവിടെനിന്ന് വന്നു? പിണറായിയെയും റിയാസിനെയും പുറത്താക്കണമെന്ന് ഷോൺ ജോർജ്

സി.എം.ആർ.എൽ. കേസിൽ ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും, റെഡ് ബുക്കിലെ 20 കോടി രൂപയുടെ ഉറവിടം മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കണമെന്നും ബി.ജെ.പി. വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. പിണറായി വിജയനെയും റിയാസിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സി.പി.എം തയ്യാറാകണം. ഇൻവോയ്സ് ഇല്ലാതെ 85 ലക്ഷം വാങ്ങിയതും എ.കെ.ജി. സെന്റർ വിലാസത്തിലെ ബിസിനസും അധികാര ദുർവിനിയോഗമാണ്.
2024 ജനുവരി 31-ന് എസ്.എഫ്.ഐ.ഒ. അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ റിയാസിന്റെ സുഹൃത്തുക്കൾ വഴി പണം വിദേശത്തേക്ക് കടത്തിയെന്നും, ഇതിന് പിന്നിലെ 20 കോടി പെൻഷൻ തുകയല്ലെന്നും ഷോൺ ആരോപിച്ചു. കെ.ടി. ജലീലിന്റെ ഹവാല പരാമർശങ്ങൾ ചൂണ്ടിക്കാണിച്ച അദ്ദേഹം, ലീഗ് നേതൃത്വത്തെ ഭയന്നാണ് അന്വേഷണം നടത്താത്തതെന്നും വി.ഡി. സതീശനുമായി ഒത്തുകളിയുണ്ടെന്നും വിമർശിച്ചു.
മന്ത്രിമാരുടെ ബന്ധുക്കൾ കരാറുകളിൽ ഏർപ്പെടരുതെന്ന പെരുമാറ്റച്ചട്ടം ലംഘിക്കപ്പെട്ടു. ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസിൽ നവീൻ മുഖ്യമന്ത്രിയുടെ ബന്ധുവാണ്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എം.ഡി. വീണയുടെ കമ്പനിയിലുണ്ടായിരുന്നുവെന്നും പണം നൽകിയെന്ന് സി.എം.ആർ.എഫ്. സി.എഫ്.ഒ. മൊഴി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണൽ-ബോക്സൈറ്റ് കടത്ത് കേസ് പ്രതിയായ ടി.കെ. ഗോവിന്ദന്റെ കേസ് ഒത്തുതീർപ്പാക്കിയതാണ് പിണറായിയോടുള്ള അദ്ദേഹത്തിന്റെ പിന്തുണയ്ക്ക് കാര്യം. രാജ്യവിരുദ്ധ വിവരങ്ങൾ അറിയാവുന്ന കെ.ടി. ജലീലിനെ ഇ.ഡി. ചോദ്യം ചെയ്യണമെന്നും ഷോൺ ജോർജ് കോട്ടയത്ത് ആവശ്യപ്പെട്ടു.




