ഉടച്ചുവാർക്കാൻ സിപിഎം; പി ജയരാജനും ശിവൻകുട്ടിയും എംബി രാജേഷും സംസ്ഥാന സെക്രട്ടറിയേറ്റിൽ, ഗോവിന്ദന് ശാസന

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ചേർന്ന വിപുലീകൃത സംസ്ഥാന സമിതിയിൽ തിരുത്തൽ നടപടിയുമായി സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ വൻ അഴിച്ചുപണി നടത്തി പുനസംഘടിപ്പിച്ചു. മുതിർന്ന നേതാക്കളായ പി ജയരാജൻ, വി ശിവൻകുട്ടി, എംബി രാജേഷ് എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയാണ് പുനസംഘടന. ടിപി രാമകൃഷ്ണനെയും തോമസ് ഐസക്കിനെയും ഒഴിവാക്കി.
കൂടുതൽ ജനകീയ മുഖങ്ങളെ പാർട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന നീക്കത്തിന്റെ ഭാഗാമായാണ് ഇപ്പോഴത്തെ പുനസംഘടനയെന്നാണ് കരുതുന്നത്.സംസ്ഥാന സെക്രട്ടറിയേറ്റിനൊപ്പം സംസ്ഥാന സമിതിയും പുനസംഘടിപ്പിച്ചു. സമിതിയിൽ ഒമ്പത് പുതിയ അംഗങ്ങളെയാണ് ഉൾപ്പെടുത്തിയത്. ഒഎസ് അംബിക, എം വിജിൻ, ജെയ്ക് സി തോമസ്, പിഎസ് സഞ്ജീവ് എന്നിവരെ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിനിടെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന നൽകിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയതിനെ തുടർന്നാണ് തോമസ് ഐസക്കിനെ സെക്രട്ടറയേറ്റിൽ നിന്ന് ഒഴിവാക്കിയതെന്ന സൂചനയും പുറത്തുവരുന്നുണ്ട്.




