നിതിൻ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി എസ്സി– എസ്ടി കോടതിയുടേതാണ് ഉത്തരവ്. കണ്ണൂർ സബ് ജയിലിൽ റിമാൻഡിലായിരുന്ന പ്രതിയെ പ്രൊഡക്ഷൻ വാറണ്ട് നൽകിയാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്.
റാമിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെയും അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിലൂടെയും മാത്രമേ കേസിൽ കൂടുതൽ വ്യക്തത വരുത്താൻ സാധിക്കൂ എന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തിയത്.
ഈ മാസം 20ന് കർണാടകയിലെ കുടകിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. എന്നാൽ, നടപടിക്രമങ്ങൾ പാലിച്ചല്ല അറസ്റ്റ് ചെയ്തതെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി അന്ന് റാമിനെ വിട്ടയച്ചിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് വീണ്ടും കോടതിയെ സമീപിക്കുകയും വ്യാഴാഴ്ച അനുമതി ലഭിക്കുകയുമായിരുന്നു. ഇതിനിടെ, കോടതി അനുമതി നൽകുന്നതിന് മുൻപ് തന്നെ റാം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായിരുന്നു.
കേസിന്റെ ആദ്യഘട്ടത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും കോടതി വിട്ടയച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ മാറ്റി ക്രൈംബ്രാഞ്ച് ഐജി അജീത ബേഗത്തിന്റെ ചുമതലയിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പുതിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.




