News

ലോകായുക്ത ഉൾപ്പെട്ട യോഗം മന്ത്രി വിളിച്ചു ചേർത്തത് ജനാധിപത്യ വിരുദ്ധം,​ വിമർശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ലോകായുക്ത, ഉപലോകായുക്തമാർ എന്നിവരുൾപ്പെട്ട ഉന്നതതല യോഗം വിളിച്ചുചേർത്തത് ജനാധിപത്യ വിരുദ്ധമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അസഫ് അലി, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഒരു നീതിന്യായ സംവിധാനത്തെ എക്സിക്യൂട്ടീവിന്റെ വരുതിയിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഈ നീക്കം തെറ്റായ കീഴ്വഴക്കവും കടുത്ത ഭരണഘടനാ ലംഘനവുമാണെന്നും പിണറായി വിജയൻ വാർത്താക്കുറിപ്പിൽ ആരോപിച്ചു.

ഇന്ത്യൻ ഭരണഘടനയുടെയും 1999 ലെ കേരള ലോകായുക്ത നിയമത്തിന്റെയും അന്തസ്സത്തയെ പൂർണ്ണമായും അട്ടിമറിക്കുന്നതാണ് ഈ നടപടി. ഒരു മന്ത്രി നേരിട്ട് ലോകായുക്തയേയും ഉപലോകായുക്തമാരേയും വിളിച്ചു ചേർക്കുന്നത്, എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും തമ്മിൽ വേർതിരിക്കണമെന്ന ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വത്തിനും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനും നിരക്കാത്തതാണെന്നും പിണറായി കൂട്ടിച്ചേർത്തു.

കേരള ലോകായുക്ത നിയമപ്രകാരം മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ സാമാജികരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന പൊതുസേവകർക്കെതിരെയുള്ള അഴിമതി, സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം മുതലായവ അന്വേഷിക്കാൻ അധികാരമുള്ള സ്വതന്ത്ര സംവിധാനമാണ് ലോകായുക്ത. ലോകായുക്തയുടെ അന്വേഷണ പരിധിയിൽ വരുന്ന ആഭ്യന്തര മന്ത്രി തന്നെ ആ സ്ഥാപനത്തിന്റെ തലവന്മാരെ വിളിച്ചുവരുത്തി

നിർദ്ദേശങ്ങൾ നൽകുന്നത് നിയമവിരുദ്ധമാണ്.ഭയമോ പക്ഷപാതിത്വമോ പ്രീതിയോ കൂടാതെ പ്രവർത്തിക്കേണ്ട ജഡ്ജിമാരെ സർക്കാർ പ്രതിനിധികളുടെയും പ്രോസിക്യൂഷൻ മേധാവിയുടെയും സാന്നിധ്യത്തിൽ മന്ത്രി വിളിച്ചുകൂട്ടിയത് സ്ഥാപനത്തിന്റെ നിഷ്പക്ഷതയെക്കുറിച്ച് പൊതുജനങ്ങൾക്ക് സംശയം ജനിപ്പിക്കാൻ ഇടയാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button