News
ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ വെൻഡിംഗ് മെഷീൻ; ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാൻ സെൽഫ് വെൻഡിംഗ് മെഷീനുകൾ അവതരിപ്പിക്കാനുള്ള നീക്കത്തിൽ ബെവ്‌കോ. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലെ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റിൽ മെഷീൻ സ്ഥാപിക്കും. ഇത് വിജയിച്ചാൽ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ നടപ്പാക്കാനാണ് തീരുമാനം.
ബാങ്കുകളുടെ സഹകരണത്തോടെയാണ് വെൻഡിംഗ് മെഷീൻ സ്ഥാപിക്കുക. കുപ്പികൾ മെഷീനിൽ സ്റ്റോർ ചെയ്യും. ഉപഭോക്താക്കൾക്ക് ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം. തുടർന്ന് യുപിഐ, കാർഡ് എന്നീ മാർഗങ്ങളിലൂടെ പണമടയ്ക്കണം. പണമടച്ച് കഴിയുമ്പോൾ കുപ്പി മെഷീനിൽ നിന്നുതന്നെ ലഭ്യമാകും. ബില്ലും മെഷീനിൽ നിന്ന് ലഭിക്കും. മെഷീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുത്തതിനുശേഷം കൗണ്ടറിൽ നിന്ന് മദ്യം കൈപ്പറ്റുന്ന രീതിയും ആലോചനയിലുണ്ട്.




