News

ബിജെപിയിൽ ഫണ്ട് തിരിമറി വിവാദം; കേന്ദ്രം നൽകിയ കൊടി വിറ്റെന്ന് ഗുരുതര ആരോപണം

തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം. കൊടിതോരണങ്ങൾ വഴിവിട്ട് തയ്യാറാക്കിയതിന് ബിജെപി നേതാവിന് കമ്മീഷൻ കൊടുത്തതായി കമ്പനി പ്രതിനിധി പറയുന്ന പുതിയ ശബ്ദരേഖ പുറത്തുവന്നു. വിവിധ ജില്ലകളിൽ വ്യാപകമായി ഫണ്ട് വെട്ടിച്ചിട്ടും പാർട്ടി നേതൃത്വം എല്ലാം മൂടിവെക്കുന്നുവെന്നാണ് എതിർചേരിയുടെ ആക്ഷേപം. എന്നാൽ സംസ്ഥാന അധ്യക്ഷൻ വിദേശത്ത് നിന്നെത്തിയ ശേഷം ഫണ്ട് തട്ടിച്ചവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് നേതൃത്വത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

ബിജെപി ദേശീയനേതൃത്വത്തെ വെട്ടിലാക്കുന്നത് അയോധ്യ ഫണ്ട് തട്ടിപ്പാണെങ്കിൽ കേരള ബിജെപിക്ക് മുന്നിലെ പ്രതിസന്ധി തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി. കേന്ദ്രം ഫ്രീയായി നൽകിയ കൊടി, തോരണങ്ങൾ വൻ തുകക്ക് താഴേ തട്ടിലേക്ക് മറിച്ചുവിറ്റു. ഇഷ്ടമുള്ള സ്വകാര്യകമ്പനികളിൽ നിന്ന് തുക കൂട്ടി കൊടിയടിച്ച് തയ്യാറാക്കി കമ്മീഷൻ കൈപ്പറ്റി. തലസ്ഥാനത്തെ വൻകിട ഹോട്ടലിൽ കൂട്ടത്തോടെ മുറി ബുക് ചെയ്ത് ഫണ്ട് തട്ടി എന്നടക്കം ഇതുവരെ പുറത്തുവന്നുകൊണ്ടിരുക്കുന്നത് വലിയ തിരിമറി. ഇതിനിടെയാണ് കൊടിയടിച്ചതിൽ കമ്മീഷൻ നൽകിയ ഒരു കമ്പനി പ്രതിനിധിയുടെ ഓഡിയോ പുറത്തുവരുന്നത്.

കൊടി തയ്യാറാക്കിയതിൻറെ മുഴുവൻ തുകയും പാർട്ടി നൽകും മുമ്പ് 31 ലക്ഷം പാർട്ടിനേതാവിന് നൽകിയെന്നാണ് ശബ്ദരേഖ. ധാരണപ്രകാരം കിട്ടാനുള്ള 4.65 ലക്ഷം രൂപ ലഭിക്കാൻ വിളിക്കുമ്പോൾ ആരും ഫോൺ‌ എടുക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നു. കരമനയിലെ റോഡ് ഷോക്കിടെ പ്രധാനമന്ത്രിയുടെ ഫ്ലെക്സ് വെച്ചതിൽ കമ്മീഷൻ അടിച്ച രീതി സൂചിപ്പിച്ചുള്ള മറ്റൊരു ശബ്ദരേഖയും പുറത്തുവന്നിരുന്നു.

പാർട്ടി നിയോഗിച്ച ട്രഷറർ തന്നെയാണ് ആദ്യം തിരിമറി കണ്ടെത്തി ദേശീയനേതൃത്വത്തെ അറിയിച്ചത്. പിന്നാലെ ഉത്തരവാദികളായ സംസ്ഥാന സെക്രട്ടറിയെയും തിരുവനന്തപുരത്തെ രണ്ട് നേതാക്കളെയും ചുമതലയിൽ നിന്ന് മാറ്റിനിർത്തി. ഇക്കാര്യം പക്ഷേ നേതൃത്വം ഔദ്യോഗികമായി പുറത്തുവിട്ടില്ല. ഇതിന് പിന്നാലെയാണ് വ്യാപകതട്ടിപ്പിൻറെ വിവരങ്ങൾ കൂടുതലായി പുറത്തുവരുന്നത്. നേതൃത്വം എല്ലാം മൂടിവെക്കുന്നുവെന്നാണ് മുരളീധര പക്ഷത്തിൻറെ ആക്ഷേപം.

പക്ഷേ പുറത്ത് ഇക്കാര്യങ്ങൾ പറയാൻ ആരും തയ്യാറല്ല. കോർകമ്മിറ്റി ചേരുമ്പോൾ ശക്തമായി ഉന്നയിക്കാനാണ് നീക്കം. അതേ സമയം വിദേശത്തുള്ള സംസ്ഥാന പ്രസിഡണ്ട് തിരിച്ചെത്തുന്നത് 18നാണ്. അതിന് ശേഷം ശക്തമായ നടപടി ഉണ്ടാകുമെന്നാണ് ഔദ്യോഗിക വിഭാഗം വിശദീകരിക്കുന്നത്. മൂന്ന് സീറ്റ് നേടിയ നേട്ടങ്ങളുടെ ശോഭ കെടുത്തും വിധമുള്ള ഫണ്ട് വിവാദത്തിൽ കേനദ്രനേതൃത്വത്തിനും ആർഎസ്എസിനും കടുത്ത അതൃപ്തിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button