ഇന്ധനവില വർദ്ധന: നാളെ രാജ്യവ്യാപകമായി സ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികളുടെ പണിമുടക്ക്; വിപണിയിൽ കടുത്ത വിലക്കയറ്റ ഭീതി

ഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയിലെ തൊഴിലാളികൾ നാളെ രാജ്യവ്യാപകമായി പണിമുടക്കും. നാളെ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ധനവില വർധനവ്, കുറഞ്ഞ കൂലി, നീണ്ട തൊഴിൽ സമയം എന്നിവയിൽ പ്രതിഷേധിച്ചാണ് സമരമെന്ന് യൂണിയനുകൾ വ്യക്തമാക്കി. ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം സർവീസസ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം. രാജ്യത്തെ മുഴുവൻ ഗിഗ് തൊഴിലാളികളും പണിമുടക്കിൽ പങ്കാളികളാകണമെന്ന് യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കുറഞ്ഞ കൂലിയും നീണ്ട തൊഴിൽ സമയവും കാരണം തങ്ങൾ നേരത്തെ തന്നെ കടുത്ത പ്രതിസന്ധിയിലാണെന്നും, ഇതിനിടയിൽ പെട്രോൾ വില വീണ്ടും വർധിച്ചത് ജീവിതം കൂടുതൽ ദുരിതത്തിലാക്കിയെന്നും തൊഴിലാളികൾ പറയുന്നു. നാളത്തെ പണിമുടക്ക് ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയെ രാജ്യവ്യാപകമായി ബാധിച്ചേക്കും.
അതിനിടെ, പെട്രോൾ-ഡീസൽ വിലവർധനവ് രാജ്യത്ത് കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ധനവില വർധിക്കുന്നതോടെ ഓട്ടോ, ടാക്സി നിരക്കുകൾ വരും ദിവസങ്ങളിൽ കുത്തനെ ഉയർന്നേക്കാം. നിലവിൽ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന ഓൺലൈൻ ടാക്സി കമ്പനികളും നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുകയാണ്.
ലോജിസ്റ്റിക്സ്, ചരക്കുനീക്ക മേഖലകളെയും ഈ വിലവർധനവ് സാരമായി ബാധിക്കും. ചരക്കുകൂലി വർധിക്കുന്നത് വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. കെമിക്കൽസ്, റിയൽ എസ്റ്റേറ്റ്, ഗ്ലാസ് സെറാമിക്സ് തുടങ്ങിയ മേഖലകളിലെ കമ്പനികൾ ഇതിനകം തന്നെ ഉത്പന്നങ്ങൾക്ക് വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം എട്ട് ശതമാനമാണ് ഉയർന്നത്.
2025-26 സാമ്പത്തിക വർഷത്തിൽ ജിഎസ്ടി ഇളവുകളും ആദായനികുതി പരിഷ്കാരങ്ങളും കാരണം ജനങ്ങളുടെ ഉപഭോഗം വർധിച്ചിരുന്നു. എന്നാൽ നിലവിലെ പണപ്പെരുപ്പ ഭീഷണിയും മൺസൂൺ കുറയുമെന്ന ‘എൽ നിനോ’ പ്രവചനവും ജനങ്ങളെ ചെലവുകൾ ചുരുക്കാൻ പ്രേരിപ്പിച്ചേക്കും. വിപണിയിലെ ഉപഭോഗം കുറയുന്നത് സ്വകാര്യ നിക്ഷേപങ്ങളെയും ബാധിക്കും. പണപ്പെരുപ്പം ശക്തമാകുന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന പണനയ അവലോകന യോഗത്തിൽ റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക് നിർബന്ധിതരായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.



