News

സുഗതന്റെ സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും നിയമപ്രശ്നം; ആശങ്ക മാറാതെ ബിജെപി

തിരുവനന്തപുരം ∙ കാപ്പ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കോർപറേഷൻ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ.സുഗതൻ ഹൈക്കോടതി നിർദേശപ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും, കോർപറേഷനിലെ ബിജെപി ഭരണസമിതിയെ പ്രതിസന്ധിയിലാക്കുന്ന നിയമപ്രശ്നങ്ങൾ ബാക്കി. കേരള മുനിസിപ്പാലിറ്റി നിയമത്തിലെ വകുപ്പ് 91(കെ) പ്രകാരം, തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകുമെന്ന വ്യവസ്ഥയുണ്ട്. ജൂൺ 9 ന് അറസ്റ്റിലായ സുഗതന്റെ 6 മാസം തടവ് ഡിസംബറിലാണ് അവസാനിക്കുക. ഈ കാലയളവിനിടെ മൂന്നിൽ കൂടുതൽ കൗൺസിൽ യോഗങ്ങൾ ചേരാൻ സാധ്യതയുള്ളതിനാൽ സുഗതൻ അയോഗ്യനാകുമോ എന്നതിൽ ബിജെപിക്ക് ആശങ്കയുണ്ട്.

എന്നാൽ, നിയമത്തിലെ ഇതേവകുപ്പിൽ തന്നെ ‘നഗരസഭയുടെ അനുമതിയില്ലാതെ’ കൗൺസിൽ യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കുകയാണെങ്കിലേ അയോഗ്യത ബാധകമാകൂ എന്നും പരാമർശിക്കുന്നുണ്ട്. 6 മാസം അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് സുഗതൻ മേയർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ അപേക്ഷ നിയമോപദേശത്തിനായി വിട്ടിരിക്കുകയാണ്. ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ നടത്തിയതോടെ ഇതിനു മുൻപുള്ള 2 കൗൺസിൽ യോഗങ്ങളി‍ൽ സുഗതൻ പങ്കെടുത്തില്ല എന്നതിനു പ്രസക്തി ഇല്ലാതായെന്നും അവധി അപേക്ഷ അടുത്ത കൗൺസിൽ യോഗം മുതലാണ് ബാധകമാകുകയെന്നുമാണു ബിജെപിയുടെ വാദം.

20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ നടത്തണമെന്ന ഉത്തരവിൽ ഇതുവരെയുള്ള നടപടികൾ അസാധുവാകില്ലെന്ന കോടതിയുടെ പരാമർശം നിയമപ്രശ്നങ്ങൾക്കു വഴിവയ്ക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ സുഗതൻ ഹാജരാകാതിരിക്കുന്ന മൂന്നാമത്തെ യോഗമാകും അടുത്ത കൗൺസിൽ. അടുത്ത കൗൺസിൽ യോഗത്തിൽ, സുഗതന് അവധി അനുവദിക്കാനുള്ള പ്രമേയം മേയർ വി.വി.രാജേഷ് അവതരിപ്പിക്കുമെന്നാണു സൂചന. 49 അംഗങ്ങളുള്ള പ്രതിപക്ഷ കക്ഷികൾ എതിർത്താലും സ്വതന്ത്ര അംഗം ഉൾപ്പെടെ 50 പേരുടെ പിന്തുണയുള്ളതിനാൽ പ്രമേയം പാസാകാനാണു സാധ്യത.

കോർപറേഷനിലെ അംഗങ്ങൾ ദൈവങ്ങളുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നവോത്ഥാന നായകരുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് അസാധുവാക്കണമെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി.ദീപക് ആണ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് 20 ബിജെപി കൗൺസിലർമാരോട് രണ്ടാമത് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞ മാസം 24ന് കോടതി ആവശ്യപ്പെട്ടു. 19 പേർ അന്നു തന്നെ സത്യപ്രതിജ്ഞ ചെയ്തെങ്കിലും, കാപ്പ നിയമ പ്രകാരം ജയിലിലായതിനാൽ സുഗതനു സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button