
ആശുപത്രി പരിസരങ്ങളിൽ ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. ഭക്ഷണ വിതരണം പാടില്ലെന്ന് ആരോഗ്യ മന്ത്രി ആവർത്തിക്കുമ്പോൾ പ്രതികരണവുമായി സിപിഎം നേതാക്കളും രംഗത്തെത്തി. പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി ഈഗോ ഒഴിവാക്കണമെന്ന് അഡ്വ പിഎ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. പൊതിച്ചോർ വിതരണത്തിൽ ഈഗോ കാണരുതെന്നും അവരെ കൂടി ചേർത്ത് പിടിക്കണമെന്നും റിയാസ് പറഞ്ഞു.
അത്തരം കാര്യങ്ങളിൽ വൈരനിരാകര ബുദ്ധി വേണോ. ഇത്തരം കാര്യങ്ങളിൽ ചർച്ച നടത്തണ്ടേ?. എല്ലാ മാനദണ്ഡങ്ങളും പാലിച്ചല്ലേ പൊതിച്ചോർ വിതരണം നടത്തുന്നത്. അതിനെ ശത്രുതയോടെ കാണുന്നത് എന്തിനാണ്. ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകളുമായി ചർച്ച നടത്തണമെന്നും കൂട്ടായ ഉത്തരവാദിത്തമുള്ള സർക്കാരായി പ്രവർത്തിക്കാനാകുന്നില്ലെന്നും റിയാസ് പറഞ്ഞു.
രാഷ്ട്രീയത്തിന്റെ പേരിൽ സൗജന്യ ഭക്ഷണ വിതരണം അനുവദിക്കാതിരിക്കരുതെന്ന് മുൻ മന്ത്രി പി രാജീവും പ്രതികരിച്ചു. എല്ലാ ആശുപത്രികളിലും സർക്കാർ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങട്ടെ. എൽഡിഎഫ് സർക്കാർ എറണാകുളം ജനറൽ ആശുപത്രിയിൽ തുടങ്ങി വിജയിച്ചതാണ്. സൗജന്യ ഭക്ഷണ വിതരണം അനുവദിക്കാതിരുന്നാൽ അത് സർക്കാരിന് തന്നെ തിരിച്ചടിയാകുമെന്നും പി രാജീവ് പറഞ്ഞു. ആശുപത്രികളിലെ പൊതിച്ചോർ വിതരണത്തിൽ കെ മുരളീധരൻ്റെ നിലപാടിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രതികരിച്ചു. സംഘടനകളുടെ പൊതിച്ചോർ വിതരണത്തെ എതിർക്കേണ്ടെന്നും സർക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചൻ നടക്കില്ലെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.




