പിഎസ്‌സി വിവാദത്തിൽ പിണറായി വിജയൻ രംഗത്ത്! ‘ആർലേക്കറുടേത് അധികാര ദുർവിനിയോഗം; വിശ്വാസ്യത തകർക്കാൻ സംഘടിത ശ്രമം’

തിരുവനന്തപുരം: പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ശുപാർശ നൽകിയ മുൻ ഗവർണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുർവിനിയോഗവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎസ്‌സി അംഗത്തിന്റെ ഭാഗത്തുനിന്ന് പ്രവർത്തിദോഷമുണ്ടായാൽ സുപ്രീം കോടതി അന്വേഷണ വിചാരണ നടത്തി ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യേണ്ടതാണെന്ന് റിപ്പോർട്ട് ചെയ്‌താൽ മാത്രമേ രാഷ്‌ട്രപതിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ എന്നും പിണറായി ഫേസ്‌ബുക്കിൽ കുറിച്ചു.
മന്ത്രിസഭയുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ ഗവർണർക്ക് ഏതു പ്രവര്‍ത്തിയും നടത്താനാകൂവെന്നും ഇക്കാര്യത്തില്‍ സ്വതന്ത്രമായ അധികാരമില്ലെന്നും അദ്ദേഹം ഭരണഘടനയിലെ അനുഛേദങ്ങൾ നിരത്തിക്കൊണ്ട് വ്യക്തമാക്കി. ഇങ്ങനെയൊരു ചരിത്രം കേരളത്തിലില്ല. ഇതുകൊണ്ട് സംസ്ഥാന സർക്കാർ ഗവർണറുടെ നിയമവിരുദ്ധ നടപടിയിൽ നിലപാട് വ്യക്തമാക്കണം.
പ്രശംസനീയമായ രീതിയില്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്ന സ്ഥാപനമാണ് കേരളത്തിലെ പിഎസ്‌സി. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ പത്തുവര്‍ഷം നിയമനം നല്‍കാന്‍ പിഎസ്‌സിക്ക് കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരു നിയമനത്തില്‍ ക്രമക്കേട് ആരോപിച്ച് ഒരു സംവിധാനത്തിന്റെ മുഴുവന്‍ വിശ്വാസ്യതയും തകര്‍ക്കാനുള്ള സംഘടിത ശ്രമവും ഗൂഢാലോചനയുമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെ നാം ഒറ്റക്കെട്ടായി ചെറുക്കേണ്ടതാണെന്നും പിണറായി കുറിച്ചു.




