
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. മറ്റന്നാളോടെ മഴയുടെ ശക്തി കുറയും. പസഫിക് സമുദ്രത്തിലെ ഡോൾഫിൻ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ശക്തമായത്.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട്, എറണാകുളം, തൃശൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആണ് അവധി നൽകിയിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം (റെഡ് അലര്‍ട്ട് : അടുത്ത മൂന്ന് മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 kmph വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി,തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് (ഓറഞ്ച് അലര്‍ട്ട് : അടുത്ത മൂന്ന് മണിക്കൂര്‍ മാത്രം) പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



