News

ബിജെപി നേതാവിൻ്റെ മരുമകൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; മകനും പെൺസുഹൃത്തിനുമെതിരെ കേസ്

സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ ബി.ജെ.പി നേതാവിന്റെ 24 കാരിയായ മരുമകളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൂററ്റ് ജില്ലാ ബി.ജെ.പി മഹിളാ മോർച്ച മുൻ വൈസ് പ്രസിഡന്റ് ശശി സിങ്ങിന്റെ മരുമകളും ബിഹാർ മുസഫർപൂർ സ്വദേശിയുമായ നിധി സിങ് (24) ആണ് മരിച്ചത്. സംഭവത്തിൽ നിധിയുടെ ഭർത്താവ് സൗരഭ് സിങ് (26), ഇയാളുടെ പെൺസുഹൃത്തിനുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് കടോദരയിലെ വീട്ടിലെ കിടപ്പുമുറിയിൽ നിധിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

ശശി സിങ് വീട്ടിലെത്തിയപ്പോഴാണ് നിധിയെ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് ഇവർ ഭർത്താവിനെയും മകൻ സൗരഭിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനിടെ യുവതിയുടെ വസ്ത്രത്തിനുള്ളിൽ നിന്ന് ഒന്നര പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതാണ് കേസിൽ നിർണായമായത്. സൗരഭിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്നും ഇതേച്ചൊല്ലി വീട്ടിൽ നിരന്തരം വഴക്കുണ്ടായിരുന്നുവെന്നും നിധിയുടെ സഹോദരൻ ആദിത്യ കുമാർ നൽകിയ പരാതിയിൽ പറയുന്നു.

വിവാഹത്തിന് മുമ്പ് തുടങ്ങിയ ബന്ധം നിധി എതിർത്തിട്ടും സൗരഭ് തുടരുകയായിരുന്നു. തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാനാണ് ആത്മഹത്യാ കുറിപ്പ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഈ കുറിപ്പിൽ ഭർത്താവിനോടുള്ള സ്നേഹത്തെക്കുറിച്ചും ഭർത്താവ് തന്നെ വഞ്ചിക്കുന്നതും പരസ്ത്രീ ബന്ധവും മൂലമുണ്ടായ മാനസിക പ്രയാസങ്ങളെക്കുറിച്ചും എഴുതിയിട്ടുണ്ട്. സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കടോദര പൊലീസ് സൗരഭിനും സുഹൃത്തിനുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം വകുപ്പുകൾ ചുമത്തി അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button