News

തലസ്ഥാനത്തെ സംഘർഷത്തിൽ സഭയിൽ വാക്പോര്; ഒടിഞ്ഞ ലാത്തിയുമായി വി ജോയ്, പ്രതിരോധിച്ച് ചെന്നിത്തല

തിരുവനന്തപുരം: തലസ്ഥാനത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായിട്ടാണ് വി ജോയി സഭയിലെത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെ ആഭ്യന്ത്രരമന്ത്രി നിലയ്ക്ക് നിര്‍ത്തണമെന്ന് ജോയ് ആവശ്യപ്പെട്ടു. ഹോസ്റ്റലില്‍ നിന്ന് ബിയര്‍ കുപ്പി എറിഞ്ഞെന്ന് ആഭ്യന്തരമന്ത്രി മറുപടി നല്‍കി. തമിഴ്നാട്ടില്‍ നിന്ന് പൊലീസുകാരെ ഇറക്കിയിട്ടില്ലെന്നും പത്ത് വര്‍ഷം എല്‍ഡിഎഫ് ഭരിച്ച കാലത്തെ പൊലീസ് തന്നെയാണ് ഇപ്പോഴും ഭരിക്കുന്നതെന്നും ചെന്നിത്തല തിരിച്ചടിച്ചു. പിന്നാലെ സഭയിൽ ബഹളം ഉയര്‍ന്നു. പ്രമേയാവതരണം തള്ളിയതോടെ പ്രതിപക്ഷ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഒടിഞ്ഞ ലാത്തി സഭയിൽ കാണിച്ച് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയാവതരണം. ഗ്യാനേഷ് കുമാറിനും ബിജെപിക്കുമെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്ന് ബിയര്‍ കുപ്പികള്‍ എറിയുകയും കൂക്കിവിളിക്കുകയും ചെയ്തത് എന്തിനെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ ചോദ്യമുന്നയിച്ചു. ഗ്യാനേഷ് കുമാറിനെതിരായ സമരത്തെ പിന്തുണക്കേണ്ടവരാണ് ബിയർ കുപ്പി എറിഞ്ഞത്. കല്ലും പന്തങ്ങളും പരസ്പരം എറിഞ്ഞ് സംഘർഷം ഉണ്ടായെന്നും പൊലീസ് ഉദ്യോഗസ്ഥർക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റുവെന്നും രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു.

എന്നാല്‍, കറണ്ട് പോയപ്പോഴാണ് കുട്ടികള്‍ കൂവിയതെന്ന് ജോയ് പരിഹസിച്ചു. പൊലീസ് മൃഗീയമായിട്ടാണ് കുട്ടികളെ മർദ്ദിച്ചത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റിനെ മൃഗീയമായി അടിച്ചൊതുക്കി. മർദ്ദന ചിത്രങ്ങൾ പ്രതിപക്ഷം സഭയില്‍ ഉയർത്തിക്കാട്ടി. കൺഡോൺമെന്റ് എസ്ഐ ഗോകുലിനെതിരെയും ജോയ് വിമര്‍ശനം ഉന്നയിച്ചു. മന്ത്രിയുടെ സാന്നിധ്യത്തിലാണ് അതിക്രമം നടന്നത്. മാധ്യമപ്രവർത്തകർക്ക് വരെ മർദ്ദനമേറ്റു.

ആംബുലൻസിനെ പോലും തടഞ്ഞു. ഗോകുൽ എന്ന എസ്ഐ 36 സെക്കൻഡ് കൊണ്ട് 24 തവണ വിദ്യാർത്ഥികളുടെ തലമണ്ട അടിച്ചുപൊട്ടിച്ചുവെന്നും വി ജോയ് പറഞ്ഞു. പൊലീസ് സേനയില്‍ ഇപ്പോഴുള്ളത് ക്രിമിനലുകളാണെന്ന് വി ജോയ് ആക്ഷേപിച്ചതിന് പിന്നാലെ സഭയില്‍ ബഹളം ഉയര്‍ന്നു. പൊലീസ് ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ ആഭ്യന്തര മന്ത്രി തയ്യാറാകണമെന്നും വി ജോയ് സഭയില്‍ പറഞ്ഞു.

അതേസമയം, പൊലീസുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വി ജോയ് അടിയന്തര പ്രമേയം അവതരിപ്പിച്ചത് സന്തോഷമെന്നും ആഭ്യന്തര മന്ത്രി സഭയില്‍ വിമര്‍ശിച്ചു. പത്ത് വർഷം ഭരിച്ച കാലത്തെ പൊലീസ് തന്നെയാണ് ഇപ്പോഴുമുള്ളതെന്നും തമിഴ്നാട്ടിൽ നിന്ന് പൊലീസുകാരെ ഇറക്കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. പൊലീസ് നവകേരള യാത്രക്കിടെ എത്ര പേരുടെ തലതല്ലി പൊട്ടിച്ചിട്ടുണ്ടെന്ന് ചെന്നിത്തല ചോദിച്ചു.

അധികാരത്തിൽ വന്ന് ഒരാഴ്ചക്കകം പ്രതിഷേധം തുടങ്ങിയില്ലേ എന്നും ഹണിമൂൺ പിരീഡ് പോലും തന്നില്ലല്ലോ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം, പൊലീസുകാരെ അച്ചടക്കമില്ലാതെ പോകാൻ അനുവദിക്കില്ലെന്നും പരാതികൾ അന്വേഷിച്ച് നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര മന്ത്രി പതിവ് ശൈലിയിൽ അല്ല മറുപടി നൽകിയതെന്നും ഒരു കുറ്റബോധം അദ്ദേഹത്തിന്റെ മറുപടിയിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button