മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ആരോപണം; ആന്റോ ഹൈക്കോടതിയിൽ, ഇഡി അന്വേഷണം ശക്തമാക്കുന്നു

കൊച്ചി: ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കും മെതിരെ കേസ് എടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ ഡി). കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ECIR) ഫയൽ ചെയ്തത്. ഇ ഡി കേസ് വരുന്നതിന് തൊട്ട് മുന്നെ മെസി കേസിലെ പൊലീസ് എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ അസ്റ്റിൻ ഹൈക്കോടതിയെയും സമീപിച്ചു. സർക്കാറിന് നഷ്ടവും അവമതിപ്പുമുണ്ടാക്കിയതിന് തെളിവില്ലെന്നാണ് വാദം. സർക്കാരിന് ഉണ്ടായ നഷ്ടം എത്രയെന്ന്, അല്ലെങ്കിൽ ഡെപ്പോസിറ്റ് കെട്ടിവെക്കണം എന്ന് കാണിക്കുന്ന കൃത്യമായ വിവരങ്ങൾ ഇല്ല എന്നും ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.
മെസിയെ കൊണ്ടു വരുമെന്നപേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ഒടുവിൽ പി എം എൽ എ നിയമപ്രകാരമുള്ള അന്വേഷണവും തുടങ്ങുകയാണ് ഇ ഡി. മെസിയെ കൊണ്ടുവരാൻ വിദേശത്തേക്ക് അയച്ച പണത്തിന്റെ ഉറവിടം എന്ത്? മെസ്സിയെ മറയാക്കി സാമ്പത്തിക ലാഭം ഉണ്ടാക്കിയോ, ആർക്കൊക്കെ സാമ്പത്തിക നേട്ടമുണ്ടായി എന്നിവ ഇ ഡി അന്വേഷണത്തിന്റെ പരിധിയിൽ വരും.
ഇതോടൊപ്പം കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കരാർ ഇല്ലാതെ വിട്ടു നൽകിയതിലെ സാമ്പത്തിക ഇടപാടും ഇ ഡി അന്വേഷിക്കും. സാധാരണ സ്റ്റേഡിയം വിട്ടു നൽകുമ്പോൾ 5 കോടി കരുതൽ ധനം നൽകണം എന്ന ചട്ടം ലംഘിച്ചിരുന്നു. സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും നടന്നിട്ടുണ്ടാകാമെന്നും ഇ ഡി സംശയിക്കുന്നു. വിദേശ വിനിമയ ചട്ടം ലംഘിച്ചു നടത്തിയ ഇടപാടുകളിൽ ഇ ഡി നേരത്തെ നടപടി തുടങ്ങിയിരുന്നു.
കേസ് എടുത്ത പശ്ചാത്തലത്തിൽ തുടർന്നടപടികളിലേക്ക് ഇ ഡി കടക്കും. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ആർ ബി സി) ഓഫീസിൽ പരിശോധനക്കും, ആർ ബി സി എം ഡി ആന്റോ അഗസ്റ്റിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ സാധ്യത ഉണ്ട്. നേരത്തെ തൃക്കാക്കര എ സി പിയുടെ നേതൃത്വത്തിൽ നടത്തിയ ആർ ബി സി ഓഫീസിലെ റൈഡിൽ ഡോളർ അടക്കം വിദേശ കറൻസി പിടിച്ചെടുത്തിരുന്നു. ഇതിന്റെ ഉറവിടം പറയാൻ ആന്റോക്ക് കഴിഞ്ഞിരുന്നില്ല. ഈ വിവരങ്ങളും പൊലിസ് ഇ ഡിക്ക് കൈമാറിയിരുന്നു.
അതേസമയം ഇ ഡി കേസ് എടുക്കുന്നതിന് തൊട്ട് മുൻപ് ഇ ഡി കേസിനാധാരമായ പൊലീസ് എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചു. സർക്കാറിന് നികത്താനാകാത്ത നഷ്ടവും മാനഹാനിയുമുണ്ടാക്കിയതിന് എഫ് ഐ ആറിൽ തെളിവില്ലെന്നും ഇനി കരാർ ലംഘമുണ്ടാക്കിയാൽ തന്നെ അതിൽ സർക്കാരോ പൊതുജനങ്ങളോ കക്ഷിയല്ലെന്നുമാണ് പ്രധാനവാദം. സ്റ്റേഡിയം കൈമാറുമ്പോൾ 5 കോടി രൂപയുടെ ഡെപ്പോസിറ്റ് ഇളവ് നൽകിയത് സർക്കാർ ഉത്തരവിലൂടെയല്ലെന്നും ഹർജിയിൽ പറയുന്നു. കേസിൽ സർക്കാറിന്റെ വിശദീകരണം തേടിയ കോടതി അടുത്ത ആഴ്ച ഹർജി വീണ്ടും പരിഗണിക്കും.




