സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് മോദി; അയോധ്യയിൽ തെളിഞ്ഞത് 30 ലക്ഷം ദീപങ്ങൾ

ദില്ലി: ദീപാവലി ആഘോഷത്തിനൊരുങ്ങി രാജ്യം. തെരുവുകളും വീടുകളും നാളെ വർണവിളക്കുകളാലും മൺചരാതുകളാലും അലംകൃതമാകും. മധുരപലഹാരങ്ങൾ പങ്കുവെക്കാനും ആകാശത്ത് വിസ്മയം തീർക്കുന്ന പടക്കങ്ങൾ പൊട്ടിക്കാനും വലിയ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് നാട് ഒരുങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പതിവുപോലെ സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. ഇന്ന് എല്ലാവർക്കും ദീപാവലി ആശംസ നേർന്ന മോദി, നാളെ സൈനികർക്കൊപ്പമായിരിക്കും തൻ്റെ ആഘോഷമെന്ന് വ്യക്തമാക്കുകയും ചെയ്തു.
2014ൽ പ്രധാനമന്ത്രിയായത് മുതൽ സൈനികർക്കൊപ്പം വിവിധ മേഖലകളിൽ ദീപാവലി ആഘോഷിക്കുന്ന നരേന്ദ്ര മോദി, കഴിഞ്ഞ വർഷം ഐഎൻഎസ് വിക്രാന്തിൽ ഗോവ കാർവാർ തീരത്തായിരുന്നു ആഘോഷിച്ചിരുന്നത്. അതിനു മുമ്പ്, ഗുജറാത്തിലെ കച്ചിലും 2023ൽ ഹിമാചൽ പ്രദേശിലെ ലെപ്ചയിലുമായിരുന്നു മോദിയുടെ ദീപാവലി ആഘോഷം.
ദീപാവലിയുടെ തലേദിവസമായ ഇന്ന് വൈകുന്നേരം അയോധ്യ ദീപപ്രഭയിൽ തിളങ്ങി. ദീപോത്സവത്തിൽ സരയൂ നദിക്കരയിലെ 56 ഘാട്ടുകളിലായി 30 ലക്ഷത്തോളം ദീപങ്ങളാണ് ഇത്തവണ തെളിച്ചത്. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തു. 2,500 ഡ്രോണുകൾ ഉപയോഗിച്ചുള്ള രാമായണത്തിലെ ഭാഗങ്ങൾ അവതരിപ്പിക്കുന്ന ഡ്രോൺ ഷോയും നടന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഭരണം അയോധ്യയിലും ഉത്തർ പ്രദേശിലെമ്പാടും സുരക്ഷ ഉറപ്പാക്കിയെന്ന് ഉപരാഷ്ട്രപതി പുകഴ്ത്തി. വിദേശത്തുനിന്നുള്ള കലാകാരന്മാർ അടക്കം പങ്കെടുത്ത പരിപാടികളും ചടങ്ങിൽ നടന്നു.




