News

പിഎസ്‌സി പരീക്ഷാക്രമക്കേട്! അന്വേഷണം കടുപ്പിച്ച് എസ്‌ഐടി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാക്രമക്കേടിൽ അന്വേഷണം കൂടുതൽ കടുപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ ഉടൻ ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ ഭാഗമായി മൊഴി രേഖപ്പെടുത്തുന്നതിനായി പിഎസ്‌സി അംഗങ്ങളായ എസ്. ശ്രീകുമാർ, എസ്.എ. സെയ്ഫ് എന്നിവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് (ഒക്ടോബർ 26) ഉച്ചയ്ക്ക് പിഎസ്‌സി ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം.

ഇതിനിടെ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാക്രമക്കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. കേസിൽ അഡീഷണൽ സെക്രട്ടറി ഹരി, ഡെപ്യൂട്ടി സെക്രട്ടറി സതീഷ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതിയും അന്വേഷണസംഘം സർക്കാരിനോട് തേടിയിട്ടുണ്ട്. കേസ് അന്വേഷണത്തിലെ സർക്കാരിന്റെ മെല്ലെപ്പോക്കിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷവിമർശനം ഉയർത്തിയിരുന്നു.

പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും ചൂണ്ടിക്കാട്ടിയ കോടതി എന്ത് അന്വേഷണമാണ് നടക്കുന്നതെന്നും ചോദ്യം ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനോ ചോദ്യം ചെയ്യുന്നതിനോ കോടതി നടപടികൾ തടസ്സമല്ലെന്ന് വ്യക്തമാക്കിയതോടെയാണ് നടപടികൾ വേഗത്തിലാക്കാൻ എസ്‌ഐടി മുതിർന്നത്. അതിനിടെ, പരീക്ഷാക്രമക്കേടുകൾ സംബന്ധിച്ച് ഇതുവരെ 177 പരാതികൾ എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഒരു കേസ് മാത്രമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

എന്നാൽ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നീ പരീക്ഷകളിലെ ക്രമക്കേടുകളിൽ ഉടൻ പുതിയ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്യാനാണ് എസ്‌ഐറ്റിയുടെ നീക്കം. ഇത് സംബന്ധിച്ച റിപ്പോർട്ട് എസ്‌ഐടി ഉടൻ എഡിജിപിക്ക് സമർപ്പിക്കും. ക്രൈം ബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button