News

“5 രൂപയുടെ വൈദ്യുതിക്ക് 8.90 രൂപയോ?”; വൈദ്യുതി കരാറിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം, ഫയലുകൾ പുറത്തുവിടണമെന്ന് ആവശ്യം

വൈദ്യുതി വാങ്ങാൻ വിപണിയിൽ യൂണിറ്റിന് അഞ്ച് രൂപയോളം മാത്രം നിരക്കുള്ളപ്പോൾ 8.63 രൂപയും 8.90 രൂപയും നൽകാൻ തീരുമാനിച്ചതെന്തിന്? ഹിമാചലിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നിർദേശം മറികടന്ന് ജി.എൻ.എ.യുടെ സ്വകാര്യ ഓഫർ സ്വീകരിച്ചതിന് പിന്നിലെന്താണ്? സംസ്ഥാനത്തെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ചോദ്യങ്ങൾ ശക്തമാകുകയാണ്. കെ.എസ്.ഇ.ബിയുടെ പരിശോധനാ റിപ്പോർട്ടുകളും വകുപ്പ് മന്ത്രിയുടെ അഭിപ്രായവും മറികടന്നാണ് ജി.എൻ.എ.യുടെ ഓഫർ സ്വീകരിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. കരാറുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും മന്ത്രിസഭാ കുറിപ്പുകളും പുറത്തുവിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

കെ.എസ്.ഇ.ബി. സാങ്കേതികവും സാമ്പത്തികവുമായ പരിശോധനകൾക്ക് ശേഷം സർക്കാരിന് സമർപ്പിച്ച ഹിമാചലിൽനിന്നുള്ള വൈദ്യുതി വാങ്ങൽ നിർദേശം അട്ടിമറിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് പ്രധാന ചോദ്യം. ഉദ്യോഗസ്ഥതല ചർച്ചകൾക്കുശേഷം ഹിമാചലിൽനിന്ന് വൈദ്യുതി വാങ്ങാമെന്നായിരുന്നു വകുപ്പ് മന്ത്രിയുടെ നിലപാടെന്നും എന്നാൽ ജി.എൻ.എ.യുടെ ഓഫർ സ്വീകരിക്കാൻ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ജി.എൻ.എ.യുടെ ഓഫർ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് കെ.എസ്.ഇ.ബി. സർക്കാരിനെ അറിയിച്ചിരുന്നോ, ചീഫ് എൻജിനീയറുടെ വിശദമായ പരിശോധനാ റിപ്പോർട്ട് എന്തായിരുന്നു, കെ.എസ്.ഇ.ബി. എം.ഡി. ആയിരുന്ന രാജമാണിക്യം ഐ.എ.എസ്. രേഖപ്പെടുത്തിയ കുറിപ്പിന്റെ പൂർണരൂപം എന്താണ് തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്. ഉദ്യോഗസ്ഥർ സമർപ്പിച്ച ഫയലിന്റെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനമെടുത്തതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം മതിയാകില്ലെന്നും ബന്ധപ്പെട്ട ഫയലും സർക്കാരിന് ലഭിച്ച കത്തും പൂർണമായി പുറത്തുവിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

2026 നവംബർ ഒന്നുമുതൽ മാർച്ച് 31 വരെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ടോ എന്ന കാര്യത്തിലും വിശദീകരണം വേണമെന്നാണ് ആവശ്യം. കമ്മീഷന്റെ നിഗമനങ്ങൾ തെറ്റാണെങ്കിൽ സർക്കാർ സ്വീകരിച്ച നിയമനടപടികൾ എന്തൊക്കെയാണ്? പീക്ക് സമയത്ത് ജി.എൻ.എ. കൂടുതൽ വൈദ്യുതി നൽകുമെന്ന വാദത്തിന് എന്ത് സാങ്കേതിക റിപ്പോർട്ടാണുള്ളത്? ഹിമാചലിൽനിന്നുള്ള വൈദ്യുതിയുടെ ഉത്പാദന പ്രൊഫൈലിനെക്കുറിച്ചുള്ള രേഖകൾ കെ.എസ്.ഇ.ബിയിൽ ലഭ്യമായിരിക്കെ, അതിന് വിരുദ്ധമായ എന്ത് വിവരമാണ് ജി.എൻ.എ. നൽകിയതെന്നും പ്രതിപക്ഷം ചോദിക്കുന്നു.

വൈദ്യുതി ഉത്പാദകരോ ലൈസൻസുള്ള വ്യാപാരിയോ അല്ലാത്ത ജി.എൻ.എ. ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം മാത്രമാണെന്നിരിക്കെ, സ്വന്തം നിലയിൽ വൈദ്യുതി വിൽക്കാനുള്ള അധികാരം കമ്പനിക്കുണ്ടോ എന്ന ചോദ്യവും ഉയർത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ കെ.എസ്.ഇ.ബി. ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് വൈദ്യുതി കൈമാറ്റം നടത്തിയിട്ടുണ്ടെന്ന വാദം ഉന്നയിക്കുന്നുണ്ടെങ്കിൽ, ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ വൈദ്യുതി വാങ്ങിയ കരാറുകളുടെ രേഖകൾ പുറത്തുവിടണമെന്നും ആവശ്യപ്പെടുന്നു.

ഇതിനിടെ, യൂണിറ്റിന് ഏകദേശം അഞ്ച് രൂപ വിപണി നിരക്കുള്ളപ്പോൾ 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വൈദ്യുതി വാങ്ങാൻ ശ്രമിച്ചതിന് പിന്നിലെന്താണെന്ന ചോദ്യവും വിവാദം ശക്തമാക്കുന്നു. 8.48 രൂപയിൽ തുടങ്ങിയ ഫയലിൽ എങ്ങനെയാണ് നിരക്ക് 8.63 രൂപയായതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞ 8.90 രൂപയുടെ ഓഫർ എവിടെനിന്ന് വന്നതെന്നും വ്യക്തമാക്കണമെന്നാണ് ആവശ്യം. സി.ഇ.ആർ.സി.യും സെബിയും അന്വേഷണം നടത്തുന്ന സംശയാസ്പദ പശ്ചാത്തലമുള്ള കമ്പനിയാണ് ജി.എൻ.എ.യെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

ഓപ്പൺ ടെൻഡറിൽ പങ്കെടുക്കാതെ സ്വകാര്യ ഓഫറുമായി എത്തിയ കമ്പനിക്ക് എന്ത് അടിസ്ഥാനത്തിലാണ് മുൻഗണന നൽകിയതെന്നും ചോദ്യം ഉയരുന്നു. ഉദ്യോഗസ്ഥർ കൊണ്ടുവരുന്ന ഫയലിൽ കണ്ണടച്ച് ഒപ്പിടാനല്ല സർക്കാരെന്ന് പറയുന്ന മുഖ്യമന്ത്രി, കെ.എസ്.ഇ.ബി. എതിർത്ത ഓഫർ സ്വീകരിച്ചത് ഏത് മാനദണ്ഡപ്രകാരമാണെന്ന് വ്യക്തമാക്കണമെന്നും മുഴുവൻ രേഖകളും പൊതുജനങ്ങൾക്ക് മുന്നിൽ വെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. വൈദ്യുതി വാങ്ങൽ കരാറിലെ യഥാർഥ നടപടിക്രമങ്ങളും സാമ്പത്തിക ബാധ്യതയും വ്യക്തമാക്കാൻ ഇനി സർക്കാരിന്റെ വിശദീകരണമാണ് നിർണായകം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button