News

വോട്ടില്ലെങ്കിൽ ലൈറ്റില്ല! ബിജെപി സ്ഥാനാർഥി തോറ്റതിന് പിന്നാലെ ഗ്രാമത്തിലെ തെരുവുവിളക്കുകൾ നീക്കി; രാജസ്ഥാനിൽ വിവാദം

ജയ്പൂർ: തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടതിന് പിന്നാലെ ഗ്രാമത്തിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ നീക്കം ചെയ്ത സംഭവം രാജസ്ഥാനിൽ വിവാദമാകുന്നു. ടോങ്ക് ജില്ലയിലെ പീപ്ലു പഞ്ചായത്ത് സമിതിക്ക് കീഴിലുള്ള റാണോളി ഗ്രാമപഞ്ചായത്തിലാണ് സംഭവം.

നിവായ് മണ്ഡലത്തിലെ ബിജെപി എംഎൽഎ രാംസഹായ് വർമ്മയുടെ പേഴ്സണൽ അസിസ്റ്റന്റ് അലോക് ശർമയുടെ ഭാര്യ പ്രിയങ്ക ശർമയാണ് പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചത്. എന്നാൽ പ്രിയങ്ക പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് ഗ്രാമത്തിലെ തെരുവുവിളക്കുകൾ നീക്കം ചെയ്യാൻ നടപടിയുണ്ടായതെന്നാണ് നാട്ടുകാരുടെ ആരോപണം.

കുംഹാരോൺ കി ധാണി, ബീഗംപുര, ഹനീഫ്ഗഞ്ച്, ബിജൽപുര തുടങ്ങിയ ഗ്രാമങ്ങളിലായി ഏകദേശം 50 എൽഇഡി തെരുവുവിളക്കുകളാണ് സ്ഥാപിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി എംഎൽഎയുടെ ഇടപെടലിലാണ് വിളക്കുകൾ സ്ഥാപിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി വിളക്കുകൾ അഴിച്ചുമാറ്റാൻ തുടങ്ങി. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തിനിടെ പത്തോളം വൈദ്യുതിത്തൂണുകളിൽനിന്ന് വിളക്കുകൾ നീക്കം ചെയ്തതായാണ് റിപ്പോർട്ട്.

അതേസമയം, അനധികൃത വൈദ്യുതി കണക്ഷനിലൂടെയാണ് വിളക്കുകൾ പ്രവർത്തിപ്പിച്ചിരുന്നതെന്നും വൈദ്യുതി ബിൽ സംബന്ധിച്ച പ്രശ്നങ്ങളാണ് നടപടിക്ക് കാരണമെന്നും അധികൃതർ വിശദീകരിക്കുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ രാഷ്ട്രീയ പ്രതികാരമാണ് നടപടിക്ക് പിന്നിലെന്ന ആരോപണം എംഎൽഎ രാംസഹായ് വർമ്മ നിഷേധിച്ചു. വൈദ്യുതി ബിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട സർപഞ്ചുമാർ വൈദ്യുതി ബിൽ അടയ്ക്കാമെന്ന് ഉറപ്പുനൽകിയതിനെത്തുടർന്ന് ബാക്കിയുള്ള 40 ഓളം തൂണുകളിൽനിന്ന് വിളക്കുകൾ നീക്കം ചെയ്യുന്നത് നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്.

തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ലെന്ന കാരണത്താൽ ഒരു ഗ്രാമത്തെ ഇരുട്ടിലാക്കുകയാണോ എന്ന ചോദ്യമാണ് സംഭവത്തോടെ ഉയരുന്നത്. വൈദ്യുതി കണക്ഷനുകളുടെ നിയമസാധുതയും വിളക്കുകൾ സ്ഥാപിച്ചതിന്റെയും നീക്കം ചെയ്തതിന്റെയും സാഹചര്യങ്ങളും അന്വേഷിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button