ധനരാജ് വധക്കേസിൽ 16 പേരെ വെറുതെവിട്ടതിനെതിരെ സർക്കാർ അപ്പീൽ നൽകണം; ആവശ്യവുമായി എം.വി. ജയരാജൻ

കണ്ണൂർ: ധനരാജ് കൊലക്കേസിൽ കുടുംബത്തിന് നീതി ലഭിക്കണമെന്നും, വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്നും സി.പി.ഐ.എം നേതാവ് എം.വി. ജയരാജൻ ആവശ്യപ്പെട്ടു. കേസിലെ മൂന്ന് മുഖ്യപ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയെന്നും, കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസുകാരാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 17 പേരെ വെറുതെ വിട്ടതായി മനസ്സിലാക്കുന്നുവെന്നും, ഇക്കാര്യത്തിൽ സർക്കാർ അപ്പീൽ പോകണമെന്നും എം.വി. ജയരാജൻ വ്യക്തമാക്കി. വീടിന് മുന്നിൽ വെച്ചാണ് അന്ന് ക്രൂരമായ കൊലപാതകം നടന്നത്. കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെഷൻസ് ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയിൽ നിന്നാണ് വിധിയുണ്ടായിട്ടുള്ളതെന്നും, അതിനാൽ അപ്പീൽ നൽകാവുന്നതാണെന്നും സർക്കാരാണ് അത് ചെയ്യേണ്ടതെന്നും എം.വി. ജയരാജൻ ചൂണ്ടിക്കാട്ടി. അതേസമയം, വളരെ ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു. ഫോട്ടോകൾ കൂടി ചൂണ്ടിക്കാട്ടിയാണ് ജഡ്ജി സംഭവത്തിന്റെ ക്രൂരത വിവരിച്ചത്. സ്വന്തം വീട്ടിൽ വെച്ച് മാരകായുധങ്ങളുമായി ധനരാജിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും, രക്തം തെറിച്ചത് മൂന്ന് വയസ്സുകാരനായ മകൻ ഉറങ്ങുന്ന മുറിയുടെ ചുമരിലേക്കാണെന്നും കോടതി പറഞ്ഞു. ശരീരത്തിൽ 37 മുറിവുകളുണ്ടായിരുന്നുവെന്നും, ഇറച്ചിവെട്ടുന്ന കടയിൽ പോലും ഇങ്ങനെ ഉണ്ടാകില്ലെന്നും കൊല്ലാൻ ഒരു വെട്ട് മതിയല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. മോഷണമോ പിടിച്ചുപറിയോ അല്ല, കണ്ണൂരിന്റെ മണ്ണിലാണ് കൊലപാതകം നടന്നതെന്നും കോടതി നിരീക്ഷിച്ചു.
വിചാരണയ്ക്കിടെ ജഡ്ജിയും പ്രതിഭാഗം അഭിഭാഷകനും തമ്മിൽ തർക്കവുമുണ്ടായി. ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കേസ് അപൂർവങ്ങളിൽ അപൂർവമായി കാണാനാകില്ലെന്നും വധശിക്ഷ ഉണ്ടാകില്ലെന്നും കോടതി അറിയിച്ചു. എങ്കിലും ശിക്ഷയിൽ മറ്റ് ദാക്ഷിണ്യങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. കേസിലെ ശിക്ഷ മറ്റന്നാൾ (നവംബർ 25) വിധിക്കും.




