BlogNews

ധനരാജ് വധക്കേസിൽ നിർണായക വിധി; ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു!

കണ്ണൂർ: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പയ്യന്നൂർ രാമന്തളി കാരന്താട്ടെ ഡി.വൈ.എഫ്.ഐ നേതാവ് സി. ധനരാജ് കൊല്ലപ്പെട്ട കേസിൽ വിധി പുറത്ത്. കേസിലെ ആദ്യ മൂന്ന് പ്രതികളുടെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. ടി പി ബിജു ആണ് കേസിലെ ഒന്നാം പ്രതി. എം വിപിൻ രണ്ടാം പ്രതിയും എം വൈശാഖ് മൂന്നാം പ്രതിയുമാണ്. കൊല നടന്ന സ്ഥലത്ത് 11 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ നേരിട്ട് കൃത്യം നിർവഹിച്ച ആദ്യ മൂന്ന് പ്രതികൾക്കെതിരെയുള്ള കുറ്റം തെളിഞ്ഞതായാണ് കോടതിയുടെ കണ്ടെത്തൽ. നാല് മുതൽ 20 വരെയുള്ള ബാക്കി 16 പ്രതികളെ വെറുതെവിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് ഇവരെ വെറുതെവിട്ടത്. ശിക്ഷാവിധിയിൽ ഉച്ചയ്ക്കുശേഷം വാദം തുടരും.

വെറുതെവിട്ട പ്രതികളുടെ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. അന്വേഷണ സംഘം സമാഹരിച്ച തെളിവുകൾ പര്യാപ്തമല്ല എന്നിങ്ങനെ ചൂണ്ടിക്കാട്ടിയാണ് 16 പ്രതികളെ വെറുതെവിട്ടത്. ഒന്നാം സാക്ഷിയായ പ്രജീഷിന്റെ മൊഴി വിശ്വാസ്യയോഗ്യമല്ലെന്നും കോടതി പറഞ്ഞു. മറ്റന്നാൾ ശിക്ഷാവിധി പുറപ്പെടുവിക്കും.

തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരായ 20 പേരാണ് കേസിലെ പ്രതികൾ. കൊലപാതകം നടന്ന് ഒരു പതിറ്റാണ്ടിനു ശേഷമാണ് വിധി വന്നത്. 2016 ജൂലായ് 11ന് രാത്രി സ്വന്തം വീടിന്റെ മുന്നിൽ അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും കൺമുന്നിലാണ് ധനരാജ് വെട്ടേറ്റു മരിച്ചത്. ഏകദേശം രണ്ടു മണിക്കൂറിനുശേഷം പയ്യന്നൂരിൽ ബി.ജെ.പി പ്രവർത്തകൻ സി.കെ രാമചന്ദ്രനും കൊല്ലപ്പെട്ടു. തുടർച്ചയായ ദിവസങ്ങളിൽ വിചാരണ പൂർത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.

കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 43 സാക്ഷികളെയും പ്രതിഭാഗത്തുനിന്ന് ഒരാളെയും കോടതി വിസ്തരിച്ചു. ധനരാജിന്റെ അമ്മയും ഭാര്യയും ഉൾപ്പെടെയുള്ള ദൃക്‌സാക്ഷികളുടെ മൊഴിയെടുത്തു. 12-ാം പ്രതി ബിജു വിചാരണയ്ക്കിടെ കൊല്ലപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button