News
എഐസിസിക്ക് മുന്നിൽ എ ഗ്രൂപ്പിന്റെ പരാതി; മറുപരാതി നൽകേണ്ടെന്ന് വി.ഡി. സതീശൻ പക്ഷത്തിന്റെ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി എ ഗ്രൂപ്പ് എഐസിസി അധ്യക്ഷന് പരാതി നൽകിയ സംഭവം ഗൗരവത്തോടെയാണ് വി.ഡി. സതീശനെ അനുകൂലിക്കുന്ന പക്ഷം കാണുന്നത്. കോൺഗ്രസിലെ കെ.സി. വേണുഗോപാൽ വിഭാഗത്തിന്റെയും എ ഗ്രൂപ്പിന്റെയും സമ്മർദ്ദ തന്ത്രങ്ങൾക്ക് തൽക്കാലം വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് വി.ഡി. സതീശൻ ചേരി.
മുഖ്യമന്ത്രിക്കെതിരെയല്ല പരാതി നൽകിയതെന്നാണ് എ ഗ്രൂപ്പിന്റെ വാദം. എന്നാൽ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ആസൂത്രിത നീക്കമായാണ് എ ഗ്രൂപ്പിന്റെ നടപടിയെ വി.ഡി. പക്ഷം വിലയിരുത്തുന്നത്. ഇക്കാര്യത്തിൽ മറുപരാതിയുമായി എഐസിസിയെ സമീപിക്കേണ്ടതില്ലെന്നും, നേതൃത്വം എന്തെങ്കിലും വിശദീകരണം തേടിയാൽ മാത്രം നിലപാട് വ്യക്തമാക്കിയാൽ മതിയെന്നുമാണ് വി.ഡി. സതീശൻ പക്ഷത്തിന്റെ തീരുമാനം.



