News

ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തൽ; കരാറുകാരൻ സാജന്റെ ആരോപണത്തിൽ അന്വേഷണത്തിന് ആഭ്യന്തര മന്ത്രിയുടെ അനുമതി

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് എതിരായ അന്വേഷണത്തിന് അനുമതി നൽകി ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. കരാറുകാരൻ സാജന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിക്ക് കൈമാറിയതോടെ കേസിൽ തുടരന്വേഷണം നടക്കുമെന്ന് ഉറപ്പായി. ആത്മഹത്യ ചെയ്‌ത ലീ സി ബിന്നിനോട് പിഡബ്ല്യുഡി സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ രണ്ട് കോടി രൂപ കൈക്കൂലി ചോദിച്ചെന്നായിരുന്നു വെളിപ്പെടുത്തൽ. ലീ പ്രൊജക്‌ട്‌ മാനേജറായി പ്രവർത്തിച്ച പതിബെൽ കമ്പനിയിലെ ഉപകരാറുകാരനായിരുന്നു സാജൻ.

‘പതിബെൻ കമ്പനിയിൽ നിന്ന് ഞാൻ മെറ്റീരിയൽ സപ്ലെയുടെ കരാർ എടുത്തിരുന്നു. കെഎസ്ടിപി കരാർ ഏറ്റെടുത്തിരുന്ന പതിബെല്ലിന് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ ബില്ലുകൾ മാറി കൊടുത്തില്ല. കടുത്ത മനോവിഷമത്തിലായിരുന്നു ലീ സീ ബിൻ. ബില്ല് മാറുന്നതിന് ഗ്യാനേഷ് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇക്കാര്യം ലീ തന്നെയാണ് എന്നോട് പറഞ്ഞത്. ചടയമംഗത്ത് തന്റെ വീടിന് സമീപമായിരുന്നു ലീ താമസിച്ചിരുന്നത്.

വിജിലൻസിന്റെ ആദ്യ അന്വേഷണം ഗ്യാനേഷിനെ വെള്ളപൂശാൻ വേണ്ടിയായിരുന്നു. പതിബെലിൽ നിന്ന് ജോലികൾ ഏറ്റെടുത്തിരുന്ന ഞാൻ ഉൾപ്പെടെയുള്ളവരിൽനിന്ന് വിജിലൻസ് മൊഴി എടുത്തിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം. ഞാനും വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്’-എന്നാണ് സാജൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.എംസി റോഡിലെ 127 കീലോമീറ്റർ നിർമിക്കാനുള്ള 215 കോടി രൂപയുടെ കരാറാണ് കൺസോർഷ്യം ഏറ്റെടുത്തിരുന്നത്. മലേഷ്യൻ കമ്പനിയായ പതിയും ഭഗീരഥ എൻജിനീയറിംഗ് ലിമിറ്റഡ് എന്ന കേരളത്തിലെ കമ്പനിയും ചേർന്നതായിരുന്നു കൺസോർഷ്യം.

കരാർ പ്രകാരം നിർമാണം 2005 ഡിസംബറിൽ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ പണി പൂർത്തിയാവാത്തതിനാൽ 2006 മേയ് വരെ നീട്ടി. എന്നിട്ടും പൂർത്തിയാകാതിരുന്നതിനാൽ 17 കോടി രൂപയുടെ ബില്ലുകൾ സർക്കാർ തടഞ്ഞു. 12.5 കോടി രൂപയാണ് കരാറുകാർ വിവിധ ഏജൻസികൾക്ക് നൽകാനുണ്ടായിരുന്നത്.കുടിശികതുക സർക്കാരിൽ നിന്ന് കിട്ടാതായതോടെ ലീ മാനസികമായി തകർന്നു. സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെട്ടത് ലീ കമ്പനി മേധാവികളെ അറിയിച്ചു.

യഥാസമയം ഭൂമി ഏറ്റെടുത്തു നൽകുന്നതിൽ സർക്കാരിനുണ്ടായ പരാജയത്തിന് തങ്ങൾ നഷ്ടപരിഹാരം നൽകില്ലെന്ന് കമ്പനി പറഞ്ഞു. ഇതോടെ ലീ കടുത്ത സമ്മർദത്തിലായി. തുടർന്ന് ലീ സ്വന്തം സ്ഥലമായ ക്വാലാലംപൂരിലേക്ക് മടങ്ങി. മലേഷ്യയിലെ സുബാങ് റിയ പാർക്കിലെ തടാകത്തിന് സമീപത്തെ ഇരുമ്പുപാലത്തിന് കീഴിലാണ് ലീയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അന്ന് ആത്മഹത്യക്കുറിപ്പിൽ കേരളത്തിലെ ഉദ്യോഗസ്ഥരുടെ കടുത്ത അഴിമതിയെക്കുറിച്ച് ലീ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. 2007ൽ സർക്കാർ 35 കോടി കമ്പനിക്ക് നഷ്ടപരിഹാരം നൽകി. എംസി റോഡ് പദ്ധതിക്ക് കോടികൾ അധികമായി ചെലവായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button