News

‘പിണറായി വൈദ്യുതി മന്ത്രിയായ കാലം മുതലുള്ള അഴിമതിപ്പണം വെളുപ്പിക്കാൻ വീണയുടെ കമ്പനികളെ മറയാക്കി’; ഗുരുതര ആരോപണവുമായി ഷോൺ ജോർജ്

കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്.

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതലുള്ള അഴിമതിപ്പണം വെളുപ്പിക്കാൻ വീണയുടെ കമ്പനികളെ മറയാക്കിയെന്ന് ഷോൺ ജോർജ് ആരോപിച്ചു. പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുറത്തുവന്ന പണമിടപാട് രേഖകൾ തന്റേതല്ലെന്ന് പറയാൻ വീണ ഇതുവരെ തയ്യാറായിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം കമ്പനിക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറായിട്ടുണ്ടോയെന്നും ചോദിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് ഹവാല മാർഗം പണം കടത്തിയതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും ഈ വിഷയത്തിൽ സിപിഎം നേതൃത്വം പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റിനിർത്താൻ തയ്യാറാകണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

മുൻ മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് കോഴിക്കോട് കേന്ദ്രീകരിച്ച് വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപിച്ച അദ്ദേഹം എന്നാൽ ഇപ്പോൾ നടക്കുന്നത് റിയാസിനെതിരായ റെയ്‌ഡല്ലെന്നും വീണ നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണമെന്നും വ്യക്തമാക്കി. അതേസമയം,​ അന്വേഷണ ഏജൻസിയായ ഇഡിയുമായി താൻ ഒരു ഘട്ടത്തിലും നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളിലൂട‌െയാണ് അന്വേഷണ പുരോഗതി അറിയുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button