രാഹുൽ ഗാന്ധിക്കെതിരെ എം.എ. ബേബി; ‘മോദിയെ ആലിംഗനം ചെയ്യാമെങ്കിൽ പിണറായിയെന്തുകൊണ്ട് പറ്റുന്നില്ല?’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ താൽപര്യമില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റിൽ വെച്ച് ആലിംഗനം ചെയ്യാൻ കഴിയുന്ന രാഹുൽ ഗാന്ധിക്ക് പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ ഇത്ര ബുദ്ധിമുട്ടെന്താണെന്ന് അദ്ദേഹം ചോദിച്ചു.
രാഷ്ട്രീയ വിമർശനങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട ചില അന്തസ്സും മര്യാദയുമുണ്ടെന്നും ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികൾ വിവിധ സംസ്ഥാനങ്ങളിൽ പരസ്പരം മത്സരിക്കാറുണ്ടെങ്കിലും ദേശീയ തലത്തിലുള്ള നേതാക്കൾ സംസാരിക്കുമ്പോൾ രാഷ്ട്രീയ സംസ്കാരം കൈവിടരുതെന്നും എം.എ. ബേബി പറഞ്ഞു.
ആർ.എസ്.എസ് വിരുദ്ധ പോരാട്ടങ്ങളിൽ സി.പി.എം സ്വീകരിക്കുന്ന നിലപാടുകളെ ചെറുതാക്കി കാണിക്കാനോ ബി.ജെ.പിയുമായി സി.പി.എമ്മിന് രഹസ്യധാരണയുണ്ടെന്ന തരത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനോ കോൺഗ്രസ് ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, ആലിംഗനവും സ്നേഹവും ഉള്ളിൽ നിന്ന് വരേണ്ട വികാരങ്ങളാണെന്നും പിണറായി വിജയനെ രാഹുൽ ഗാന്ധി കെട്ടിപ്പിടിക്കണമെന്ന് താൻ ആവശ്യപ്പെടുന്നില്ലെന്നും എം.എ. ബേബി വ്യക്തമാക്കി. ഇന്ത്യ ബ്ലോക്ക് യോഗങ്ങളിൽ ഡി.എം.കെ ഉൾപ്പെടെയുള്ള പ്രാദേശിക കക്ഷികളോട് കോൺഗ്രസ് സ്വീകരിക്കുന്ന സമീപനങ്ങളിലും വ്യക്തതയില്ലെന്ന് അദ്ദേഹം ആരോപിച്ചു.
തമിഴ്നാട്ടിൽ ഡി.എം.കെ മുന്നണിയുടെ ഭാഗമായാണ് കോൺഗ്രസ് സീറ്റുകൾ നേടിയതെന്നും അവരുടെ പിന്തുണയും പരിഗണനയും ഏറ്റുവാങ്ങിയ ശേഷമുള്ള ഇപ്പോഴത്തെ നിലപാടുകൾ ശരിയല്ലെന്നും എം.എ. ബേബി പറഞ്ഞു. സി.പി.എം തമിഴ്നാട്ടിൽ ടി.വി.കെയെ പിന്തുണയ്ക്കുന്ന കാര്യം ഡി.എം.കെയെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും അധികാരത്തോടുള്ള കോൺഗ്രസിന്റെ അമിതമായ ആർത്തി ജനാധിപത്യ സംസ്കാരത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




