‘വെടിവച്ച് പിടിക്കാനുള്ള റേഞ്ച് ആയങ്കിക്കില്ല’; പിന്തുണച്ചവരുടെ വീടുകളിൽ പൊലീസ് എത്തിത്തുടങ്ങിയെന്ന് എഡിജിപി

കണ്ണൂർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കി പോസ്റ്റിടാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. ഓഗസ്റ്റ് ഒൻപതിന് പുലർച്ചെ 2.30ന് കണ്ണൂർ താളിക്കാവിലെ അഭിഭാഷകയുടെ അപ്പാർട്ട്മെന്റ് വളഞ്ഞാണ് അർജുനെ പൊലീസ് പിടികൂടിയത്.
ഈ അപ്പാർട്ട്മെന്റിന് സമീപത്തുനിന്നാണ് അർജുന്റെ ഐഫോൺ കണ്ടെത്തിയത്. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലുള്ള അർജുനെ ഇന്നുരാവിലെ അപ്പാർട്ട്മെന്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെയാണ് ഫോൺ കണ്ടെത്തിയത്. ഈ ഫോണിൽ നിന്നാണ് ആഭ്യന്തര മന്ത്രിക്കെതിരെ പോസ്റ്റുകളും കമന്റുമിട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇക്കാര്യം ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ഒളിവിൽ കഴിഞ്ഞ ദിവസങ്ങളിൽ അർജുന് സമൂഹമാദ്ധ്യമങ്ങളിലടക്കം പിന്തുണ നൽകിയവരുടെ പട്ടിക തയ്യാറാക്കിയതായി എഡിജിപി പി വിജയൻ പറഞ്ഞു. അത്തരക്കാരുടെ വീടുകളിലേയ്ക്ക് പൊലീസ് എത്തിത്തുടങ്ങിയിട്ടുണ്ട്. ആയങ്കി സൂപ്പർസ്റ്റാറല്ല, ക്രിമിനലാണ്. അത്തരക്കാരെ സമൂഹത്തിനുമുന്നിൽ പിന്തുണയ്ക്കുന്നത് തെറ്റായ സന്ദേശം നൽകും. അർജുനെ വെടിവച്ച് പിടിക്കാൻ പൊലീസ് തീരുമാനിച്ചെന്ന വാർത്ത തെറ്റാണ്. വെടിവച്ച് പിടിക്കാനുള്ള റേഞ്ച് ആയങ്കിക്കില്ല.
അയാൾ എവിടെയാണെന്ന് പൊലീസിന് അറിയാമായിരുന്നു. അയാൾ എവിടെവരെ ഓടുമെന്ന് നോക്കിയതാണ്. കൂട്ടത്തിൽ ആരൊക്കെയുണ്ടെന്നറിയാനും പൊലീസ് കാത്തിരിക്കുകയായിരുന്നുവെന്നും എഡിജിപി വ്യക്തമാക്കി. അതേസമയം, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള പ്രാരംഭ നടപടികൾ പൊലീസ് പൂർത്തിയാക്കി. നിലവിൽ 23 കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. അർജുന്റെ കേസ് ചരിത്രം വ്യക്തമാക്കുന്ന റിപ്പോർട്ട് വളപട്ടണം എസ് എച്ച് ഒ സിറ്റി പൊലീസ് കമ്മിഷണർക്ക് സമർപ്പിച്ചു. റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറും. കളക്ടറാണ് ഇതിൽ അന്തിമ തീരുമാനമെടുക്കുക.




