News
അന്നദാനത്തിനിടെ തിളയ്ക്കുന്ന സാമ്പാറിൽ വീണു, യുവതിക്ക് ദാരുണാന്ത്യം

അമരാവതി: അന്നദാനത്തിനിടെ തിളയ്ക്കുന്ന സാമ്പാർ പാത്രത്തിൽ വീണ് യുവതിക്ക് ദാരുണാന്ത്യം. വിനായക ചതുർത്ഥിയോടനുബന്ധിച്ച് ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നടന്ന അന്നദാനത്തിനിടെ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വിജയവാഡയിലെ കെഎൽ റാവു നഗർ സ്വദേശിയായ മദ്ദി സുജാത (46) ആണ് മരിച്ചത്. വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഇളയ മകന്റെ വീട്ടിൽ കഴിയുകയായിരുന്നു സുജാത.
ബന്ധുക്കളെ പാചകത്തിൽ സഹായിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. സാമ്പാർ ഉണ്ടാക്കിയ വലിയ പാത്രം അടുപ്പിൽ നിന്ന് മാറ്റവെ അബദ്ധത്തിൽ അതിനുള്ളിൽ വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ സുജാത ചികിത്സയിൽ കഴിയവെ ഇന്നലെയാണ് മരണപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



