തിരുവനന്തപുരത്ത് കനത്ത മഴക്കെടുതി; ഒറ്റ മണിക്കൂറിൽ 91 മില്ലിമീറ്റർ മഴ, ദുരിതത്തിലായി നൂറുകണക്കിന് ജനങ്ങൾ

തിരുവനന്തപുരം: ഒരു മണിക്കൂറിനിടെ പെയ്‌ത ശക്തമായ മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങി. കിഴക്കേക്കോട്ടയിൽ 91 മില്ലിമീറ്റർ മഴയാണ് ഒറ്റ മണിക്കൂറിൽ പെയ്‌തത്. ഇതേരീതിയിലുള്ള മഴ സാധാരണ തുലാവർഷ സമയത്താണ് ലഭിക്കുന്നതെന്ന് വിദഗ്ദ്ധർ പറഞ്ഞു. തമ്പാനൂരിൽ വെള്ളം ഒഴുകിപ്പോകാതെ റോഡുകൾ മുങ്ങി. റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡിനും മുന്നിലെ റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങി. ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ദുരിതത്തിൽപ്പെട്ടത്.
റോഡിൽ പാർക്ക് ചെയ്‌തിരുന്ന കാറുകളും ബൈക്കുകളും വെള്ളത്തിലായി. ആമയിഴഞ്ചാൻ തോട്ടിൽ നിന്നുള്ള മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും റോഡുകളിലേക്ക് ഒഴുകിയെത്തി. ബസ് ഒഴികെയുള്ള വാഹനങ്ങളെല്ലാം വഴിതിരിച്ചുവിട്ടു. റോഡിൽ മുട്ടോളം നിറഞ്ഞ മലിനജലത്തിലൂടെ നടന്നാണ് പലരും റെയിൽവേ സ്റ്റേഷനിലെക്കും ബസ് സ്റ്റാൻഡിലേക്കും എത്തിയത്.
അതേസമയം, ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.



