” വിമര്‍ശിക്കാന്‍ എന്തിന് പേടിക്കണം, പാർട്ടിയിൽ ഞാനും പിണറായിയെ വിമർശിക്കാറുണ്ട്”; ഇ.പി. ജയരാജൻ

പിണറായി വിജയനെ പാർട്ടി കമ്മിറ്റികളിൽ താനടക്കമുള്ളവർ വിമർശിക്കാറുണ്ടെന്ന് ഇ.പി. ജയരാജൻ. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ മാധ്യമങ്ങളോട് പറയാറില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിമർശനവും സ്വയംവിമർശനവും നടത്തി തിരുത്തലുകളോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനവും അദ്ദേഹം ഉന്നയിച്ചു. കാര്യശേഷിയില്ലാത്ത സർക്കാരാണ് സംസ്ഥാനത്ത് ഭരിക്കുന്നതെന്നും മന്ത്രിമാർ തമ്മിൽ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മുൻ എൽഡിഎഫ് കാലത്ത് 10 വർഷം പവർകട്ടോ ലോഡ്ഷെഡിങ്ങോ ഇല്ലാതെ വൈദ്യുതി ലഭ്യമാക്കിയിരുന്ന സ്ഥാനത്ത്, നിലവിലെ സർക്കാർ വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ഇതിനെതിരെ ജനം പ്രതികരിക്കുമെന്നും ഇ.പി. ജയരാജൻ മുന്നറിയിപ്പ് നൽകി.




