കേരള സർവകലാശാല നിയമന തട്ടിപ്പ്: 38 പേരെക്കൂടി പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസിൽ അനധികൃതമായി ജോലി നേടിയ 38 പേരെക്കൂടി പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച് നീക്കം. ഇവർക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
2005ൽ നടന്ന അസിസ്റ്റന്റ് നിയമന പരീക്ഷയിൽ ക്രമക്കേട് നടത്തി അർഹരായ ഉദ്യോഗാർഥികളെ പിന്തള്ളി അനർഹർക്ക് നിയമനം നൽകിയെന്നാണ് കേസ്. എഴുത്തുപരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെ അഭിമുഖത്തിൽ കുറഞ്ഞ മാർക്ക് നൽകി പിന്തള്ളുകയും കുറഞ്ഞ മാർക്ക് നേടിയവർക്ക് ഉയർന്ന മാർക്ക് നൽകി റാങ്ക് പട്ടികയിൽ മുന്നിലെത്തിക്കുകയും ചെയ്തെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
അഭിമുഖത്തിന് അനുവദിച്ചിരുന്ന മാർക്ക് 15 ശതമാനമായിരിക്കെ ഇത് 25 ശതമാനമായി ഉയർത്തിയതായും പരീക്ഷയുടെ പ്രധാന തെളിവായ ഒ.എം.ആർ ഉത്തരക്കടലാസുകൾ നശിപ്പിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
മുൻ വൈസ് ചാൻസലർ എം.കെ. രാമചന്ദ്രൻ നായർ ഉൾപ്പെടെ ഏഴ് പേരെ പ്രതികളാക്കിയാണ് നേരത്തെ കുറ്റപത്രം സമർപ്പിച്ചത്. 1,401 പേരടങ്ങിയ റാങ്ക് പട്ടികയിൽനിന്ന് 181 പേർക്കാണ് നിയമനം ലഭിച്ചത്. ഇതിൽ 130 ഓളം പേർ ഇപ്പോഴും സർവീസിലുണ്ടെന്നാണ് റിപ്പോർട്ട്.
2020ൽ കേസ് അവസാനിപ്പിക്കാൻ നീക്കമുണ്ടായെങ്കിലും വിജിലൻസ് കോടതി റിപ്പോർട്ട് അംഗീകരിച്ചിരുന്നില്ല. തുടർന്ന് 2022ൽ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് അന്വേഷണം വീണ്ടും സജീവമായത്. 38 പേരെക്കൂടി പ്രതിചേർക്കുന്നതോടെ കേസിൽ കൂടുതൽ നിയമനടപടികൾക്ക് വഴിയൊരുങ്ങും




