വൈറൽ പ്രവചനം: ഇത്തവണ ലോകകപ്പ് ആര് നേടും? സോഷ്യൽ മീഡിയ ചർച്ചയിൽ പൊട്ടിത്തെറി

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് 2026 ലോകകപ്പിനായാണ്. അർജന്റീന കിരീടം നിലനിർത്തുമോ, ഫ്രാൻസ് വീണ്ടും മിന്നുമോ, പോർച്ചുഗലോ ബ്രസീലോ പുതിയ അധ്യായം എഴുതുമോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയെ ആവേശഭരിതമാക്കുകയാണ്.
ഇതിനിടയിൽ വലിയ ശ്രദ്ധ നേടുന്നത് ജർമ്മൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ജോക്കിം ക്ലമെന്റിന്റെ പുതിയ ലോകകപ്പ് പ്രവചനമാണ്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും വിജയികളെ കൃത്യമായി പ്രവചിച്ചതായി പറയപ്പെടുന്ന അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
ക്ലമെന്റിന്റെ പറയുന്നതനുസരിച്ച്, 2014ൽ ജർമ്മനി, 2018ൽ ഫ്രാൻസ്, 2022ൽ അർജന്റീന എന്നിവർ കിരീടം നേടുമെന്ന് അദ്ദേഹം മുൻകൂട്ടി പ്രവചിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് 2026ലെ അദ്ദേഹത്തിന്റെ പ്രവചനവും ശ്രദ്ധ നേടുന്നത്.
ഗണിത മാതൃകകളും സ്ഥിതിവിവര കണക്കുകളും അടിസ്ഥാനമാക്കിയുള്ള വിശകലനത്തിലൂടെയാണ് ക്ലമെന്റ് ലോകകപ്പ് വിജയിയെ പ്രവചിക്കുന്നത്. രാജ്യങ്ങളുടെ ജനസംഖ്യ, ഫിഫ റാങ്കിംഗ്, ടീമുകളുടെ നിലവിലെ പ്രകടനം തുടങ്ങിയ ഘടകങ്ങളാണ് അദ്ദേഹത്തിന്റെ മോഡലിന്റെ അടിസ്ഥാനമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
2026 ലോകകപ്പിൽ ചരിത്രം തിരുത്തപ്പെടുമെന്ന് അദ്ദേഹം പറയുന്നു. നെതർലൻഡ്സ് ആദ്യമായി ലോകകപ്പ് കിരീടം നേടുമെന്നും ഫൈനലിൽ പോർച്ചുഗലിനെ തോൽപ്പിക്കുമെന്നും ക്ലമെന്റ് പ്രവചിക്കുന്നു.
“ഒരു ജർമ്മൻകാരനെന്ന നിലയിൽ ഇത് പറയുന്നത് എനിക്ക് തന്നെ വേദനയുള്ളതാണ്. പക്ഷേ നെതർലൻഡ്സ് അവരുടെ ആദ്യ ലോകകപ്പ് നേടുമെന്ന് ഞാൻ വിശ്വസിക്കുന്നു,” എന്ന് അദ്ദേഹം ഡിജിബ്ല്യു ന്യൂസിനോട് പ്രതികരിച്ചു.
ഈ പ്രവചനം ഇപ്പോൾ ഫുട്ബോൾ ലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.



