Sports

സെഞ്ചുറികളുമായി കിംഗ് കോലിയും ശുഭ്മാന്‍ ഗില്ലും, കാര്യവട്ടത്ത് വിന്‍ഡീസിനെ അടിച്ചുപറത്തി ഇന്ത്യ, ജയം 8 വിക്കറ്റിന്

തിരുവനന്തപുരം: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 8 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുറിയുടെയും വിരാട് കോലിയുടെ സെഞ്ചുറികളുടെ കരുത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 296 റണ്‍സിന്‍റെ വിജയലക്ഷ്യം 41.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അനായാസം അടിച്ചെടുത്തു.

പത്താം ഏകദിന സെഞ്ചുറി നേടിയ ഗില്‍ 108 പന്തില്‍ 110 റണ്‍സെടുത്ത് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഒരിക്കല്‍ കൂടി ചേസ് മാസ്റ്ററായ കോലി 55-ാം ഏകദിന സെഞ്ചുറിയിലൂടെ 88 പന്തില്‍ 139 റണ്‍സുമായി പുറത്താകാതെ നിന്നു. ഏകദിന ക്രിക്കറ്റില്‍ 15000 റണ്‍സെന്ന നാഴികക്കല്ലും കോലി കാര്യവട്ടത്ത് പിന്നിട്ടു. 35 പന്തില്‍ 32 റണ്‍സെടുത്ത രോഹിത് ശര്‍മയും ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പരമ്പരയിലെ രണ്ടാം ഏകദിനം ബുധനാഴ്ച ഗുവാഹത്തിയില്‍ നടക്കും. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ 295-7, ഇന്ത്യ 41.4 ഓവറില്‍ 300-2.

വിന്‍ഡീസ് ഉയര്‍ത്തിയ 296 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി രോഹിത്തും ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്.ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി രോഹിത് കാര്യവട്ടത്തെ ആവേശക്കടലാക്കി. തുടക്കത്തിൽ വ്യക്തിഗത സ്കോര്‍ 11ൽ നില്‍ക്കെ ജെയ്ഡൻ സീല്‍സിന്‍റെ പന്തില്‍ ഗില്‍ നല്‍കിയ അനായാസ ക്യാച്ച് കീമോപോള്‍ കൈവിട്ടതിന് വിന്‍ഡീസ് കനത്ത വില നല്‍കേണ്ടിവന്നു. മറുവശത്ത് മൂന്ന് സിക്സറുകള്‍ പറത്തിയ രോഹിത്തും മികച്ച ഫോമിലായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12 ഓവറില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. 32 റണ്‍സെടുത്ത രോഹിത്തിനെ മടക്കിയ അല്‍സാരി ജോസഫാണ് വിന്‍ഡീസിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.രണ്ട് ഫോറും മൂന്ന് സിക്സും പറത്തിയാണ് രോഹിത് 32 റണ്‍സെടുത്തത്.

രോഹിത് മടങ്ങിയ ശേഷം ക്രീസിലെത്തിയ കോലി തുടക്കം മുതലെ തകര്‍ത്തടിച്ചു. ഗില്‍ 49 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ രോഹിത്തിനെ മടക്കിയ അല്‍സാരി ജോസഫിനെ സിക്സിന് പറത്തിയ കോലി അല്‍സാരി ജോസഫിനെ സിക്സിന് പറത്തി 40 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി.അല്‍സാരി ജോസഫ് എറിഞ്ഞ 29-ാം ഓവറിൽ ഹാട്രിക് ബൗണ്ടറി നേടിയാണ് കോലി 15000 റണ്‍സ് പിന്നിട്ടത്. പിന്നാലെ ജെയ്ഡന്‍ സീല്‍സിനെ ബൗണ്ടറി കടത്തി ഗില്‍ 96 പന്തില്‍ തന്‍റെ പത്താം ഏകദിന സെഞ്ചുറിയിലെത്തി. പതിനാറാം ഓവറില്‍ 100 കടന്ന ഇന്ത്യ 31-ാം ഓവറില്‍ 200 കടന്നു. സെഞ്ചുറി നേടിയതിന് പിന്നാലെ ഗില്‍ വീണെങ്കിലും തകര്‍ത്തടിച്ച കോലി 74 പന്തില്‍ സെഞ്ചുറിയിലെത്തി തന്‍റെ കരിയറിലെ വേഗതയേറിയ മൂന്നാമത്തെ സെഞ്ചുറി കാര്യവട്ടത്ത് സ്വന്തമാക്കി. ആറ് ഫോറും ആറ് സിക്സും പറത്തി സെഞ്ചുറിയിലെത്തിയ കോലി സെഞ്ചുറിക്ക് ശേഷവും തകര്‍ത്തടിച്ച് ഇന്ത്യയുടെ ജയം വേഗത്തിലാക്കി. 10 ഫോറും 9 സിക്സും അടങ്ങുന്നതാണ് കോലിയുടെ ഇന്നിംഗ്സ്. 13 റണ്‍സുമായി റുതുരാജ് ഗെയ്ക്‌വാദ് കോലിക്കൊപ്പം വിജയത്തില്‍ കൂട്ടായി.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ വിന്‍ഡീസ് ഓപ്പണര്‍ ജസ്റ്റിന്‍ ഗ്രീവിസ്നി‍റെ സെഞ്ചുറിയുടെയും ജോണ്‍ കാംപ്‌ബെല്ലിന്‍റെയും അമിര്‍ ജാംഗോയുടെയും അര്‍ധ‍സെഞ്ചുറികളുടെയും കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്.108 പന്തില്‍ 101 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്സ് ആണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ജോണ്‍ കാംപ്‌ബെല്‍ 60 പന്തില്‍ 62 റണ്‍സെടുത്തപ്പോള്‍ വിന്‍ഡീസ് മധ്യനിരയെ കറക്കി വീഴ്ത്തി നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് സ്കോര്‍ 350 കടക്കാതെ തടഞ്ഞത്. ഓപ്പണിംഗ് വിക്കറ്റില്‍ 19.2 ഓവറില്‍ 135 റണ്‍സെടുത്ത ഗ്രീവ്സ്-കാംപ്‌ബെല്‍ സഖ്യം കൂറ്റൻ സ്കോറിന് അടിത്തറയിട്ടെങ്കിലും മധ്യനിരയില്‍ 43 പന്തില്‍ 58 റണ്‍സുമായി പുറത്താകാതെ നിന്ന ആമിര്‍ ജാംഗോക്കും 24 റണ്‍സെടുത്ത റോസ്റ്റൺ ചേസിനുമൊഴികെ മറ്റാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. ഇന്ത്യക്കായി കുല്‍ദീപ് യാദവ് 10 ഓവറല്‍ 40 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button