വീണയ്ക്ക് വീണ്ടും സമൻസ്; മാസപ്പടി കേസിൽ അന്വേഷണം ശക്തം

മാസപ്പടി കേസിൽ അന്വേഷണം കൂടുതൽ കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി സമൻസ് നൽകിയിരിക്കുകയാണ്. ഈ മാസം 29-ാം തീയതി രാവിലെ 10.30-ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം.
കഴിഞ്ഞ ബുധനാഴ്ചയും ടി വീണയെ ഇഡി ദീർഘനേരം ചോദ്യം ചെയ്തിരുന്നു. ഏകദേശം ഒമ്പത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ശേഖരിച്ചതായാണ് സൂചന.
സിഎംആർഎല്ലും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കേസിന്റെ ആധാരം. 2017 മുതൽ 2020 വരെ 1.72 കോടി രൂപ ഐടി സേവനങ്ങളുടെ പേരിൽ കൈമാറിയെന്നാണ് രേഖകൾ. എന്നാൽ അതിന് അനുയോജ്യമായ സേവനങ്ങൾ ലഭിച്ചിട്ടില്ലെന്ന കണ്ടെത്തലാണ് അന്വേഷണം ശക്തമാക്കിയത്.
ഇതിനിടെ, വീണയുടെ ബാങ്ക് ലോക്കറും ഇഡി പരിശോധിച്ചു. തിരുവനന്തപുരം എച്ച്.ഡി.എഫ്.സി ബാങ്കിലെ ലോക്കർ മൂന്ന് മണിക്കൂറിലേറെ പരിശോധിച്ചെങ്കിലും കേസുമായി ബന്ധപ്പെട്ട നിർണായക രേഖകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
മാസപ്പടി കേസിൽ ഇഡിയുടെ തുടർനടപടികൾ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്.




