
കോക്‌റോച്ച് ജനത പാര്‍ട്ടിയുടെ തുടര്‍സമരപരിപാടികള്‍ എന്തെന്ന് ഇന്നറിയാം. ദ്വിദിന നേതൃയോഗത്തിനുശേഷം ഇന്ന് ഉച്ചയ്ക്ക് സിജെപി വക്താക്കള്‍ മാധ്യമങ്ങളെ കാണും. മഹാരാഷ്ട്രയില്‍ ഛത്രപതി സാമ്ബാജി നഗറിലെ സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെയുടെ വസതിയിലാണ് നേതൃയോഗം നടക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പായില്ലെങ്കില്‍ സ്വീകരിക്കേണ്ട നടപടികള്‍, അടുത്ത ഘട്ടം സമരപരിപാടികള്‍ എന്നിവയില്‍ തീരുമാനം ഉണ്ടാകും. രാഷ്ട്രീയപാര്‍ട്ടി ആകില്ലെന്നും സമ്മര്‍ദ ഗ്രൂപ്പായി തുടരാനാണ് തീരുമാനമെന്നും ഇന്നലെ അഭിജിത്ത് ദീപ്‌കെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, ജെന്‍സി, ജെന്‍ ആല്‍ഫ തലമുറകളെ ചേര്‍ത്തു നിര്‍ത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ 100 നഗരങ്ങളിലുള്ള രണ്ടായിരത്തോളം വിദ്യാര്‍ഥികളെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഇന്ന് അഭിസംബോധന ചെയ്യും. ‘ഇന്ത്യാസ് ഇന്റര്‍നാഷണല്‍ മൂവ്‌മെന്റ് ടു യുണൈറ്റഡ് നഷന്‍സ്‘ എന്ന സംഘടനയുടെ പരിപാടിയിലാണ് വിദ്യാര്‍ഥികളുമായി സംവദിക്കുക. മുംബൈയിലെ ബാന്ദ്ര- കുര്‍ള കോംപ്ലക്‌സിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിലാണ് പരിപാടി.
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ പ്രക്ഷോഭം നടത്തിയ സിജെപിക്ക് പുതുതലമുറയിലെ വിദ്യാര്‍ഥികളില്‍ നിന്ന് വലിയ പിന്തുണയാണു ലഭിച്ചത്. ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ സജീവമായ പ്രധാനമന്ത്രി നരേന്ദ്ര മോദി ജെന്‍സി തലമുറയോട് കൂടുതല്‍ അടുക്കാന്‍ ശ്രമം ആരംഭിച്ചിരിക്കെയാണ് ആര്‍എസ്എസും അതേവഴിയില്‍ നീങ്ങുന്നത്.




