News

യുഡിഎഫിൽ പദവികൾക്കായി വടംവലി; ബോർഡ് വിഭജനം മുതൽ വനിതാ കമ്മീഷൻ വരെ ചർച്ചകൾ

തിരുവനന്തപുരം: സർക്കാർ അധികാരത്തിലെത്തിയ ശേഷം‌ നടന്ന ആദ്യ യുഡിഎഫ് യോ​ഗത്തിൽ ബോർഡ്, കോർപ്പറേഷൻ വിഭജനത്തിൽ വിശദമായ ചർച്ച നടത്താനായില്ല. ഉഭയകക്ഷി ചർച്ചകൾ നടത്താൻ തീരുമാനിച്ചാണ് പിരിഞ്ഞത്. ഇതിനിടെ കോൺഗ്രസിൽ പ്രധാന പദവികളിൽ അവകാശവാദം ശക്തമാക്കി മുതി‍ർന്ന നേതാക്കൾ രംഗത്ത് വന്നു.

കെപിസിസിക്ക് പുതിയ പ്രസിഡന്റ് ചർച്ചക്കൊപ്പം ബോർഡ് കോർപ്പറേഷൻ അധ്യക്ഷ സ്ഥാന ചർച്ചകളും ഒരുമിച്ച് നടത്തുകയാണ്. കെപിസിസി മാധ്യമ വിഭാ​ഗത്തിലെ ദീപ്തി മേരി വർ​ഗീസ്, സിപിഎമ്മിൽ നിന്ന് കോൺ​ഗ്രസിലെത്തിയ ഐഷ പോറ്റി എന്നിവർ കേരള വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് താത്പര്യം അറിയിച്ചിട്ടുണ്ട്.

കൊച്ചി കോർപ്പറേഷൻ അം​ഗമായ ദീപ്തിക്ക് പാർട്ടിയിൽ പ്രധാനസ്ഥാനമാണ് കൂടുതൽ താത്പര്യം. അതില്ലെങ്കിൽ വനിതാ കമ്മീഷൻ അധ്യക്ഷ പദവി പോലെ പ്രമുഖ പദവി ഏതെങ്കിലും വേണം. കൊട്ടാരക്കരയിൽ ബാല​ഗോപാലിനെതിരെ ശക്തമായ മത്സരം കാഴ്ച്ച വച്ച ഐഷ പോറ്റിക്ക് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം കൊടുക്കണമെന്നാണ് മുഖ്യമന്ത്രി വി.ഡി സതീശൻ്റെ താത്പര്യം. മത്സരത്തിൽ നിന്ന് മാറി നിന്ന കെ ബാബുവിനെ ജി സി ഡി എ അധ്യക്ഷ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നുണ്ട്.

ചലച്ചിത്ര അക്കാഡമി അധ്യക്ഷ സ്ഥാനം കിട്ടാനായി സിനിമാക്കാരുടെ വൻനിര സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഐഎഫ്എഫ്കെക്കുള്ള ഒരുക്കങ്ങൾ തുടങ്ങാൻ സമയം കഴിഞ്ഞിട്ടും അധ്യക്ഷനെ തീരുമാനിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. കെപിസിസിഅധ്യക്ഷനും രണ്ട് വർക്കിം​ഗ് പ്രസിഡൻ്റുമാരും മന്ത്രിമാരായതോടെ പാർട്ടി പ്രവർത്തനവും നിലച്ച മട്ടാണ്.

പാ‍ർട്ടി അധ്യക്ഷനായി ഷാഫി പറമ്പിൽ എം.പിയുടെ പേരാണ് കെ സി വേണുഗോപാൽ വിഭാ​ഗം മുന്നോട്ട് വയ്ക്കുന്നത്. ജോസഫ് വാഴക്കനായി രമേശ് ചെന്നിത്തലയും പിടി മുറുക്കുന്നു. ബെന്നി ബഹന്നാനും ആൻ്റോ ആൻ്റണിയും കൊടിക്കുന്നിൽ സുരേഷും കരുനീക്കങ്ങളുമായി സജീവമാണ്. ഈ തർക്കം രൂക്ഷമായതോടെ മറ്റ് പദവികൾ സംബന്ധിച്ച ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്.

ഭരണ പരിഷ്‌കരണ കമ്മീഷൻ അധ്യക്ഷനായി പി ജെ ജോസഫിനും എം കെ മുനീറിനും വേണ്ടി യുഡിഎഫിലെ രണ്ട് പാർട്ടികളും രം​ഗത്തുണ്ട്. എം.കെ മുനീറിനെ വയോജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്കും പരി​ഗണിക്കുന്നുണ്ട്. ക്യാബിനറ്റ് റാങ്കോടെയുള്ള പദവി കെ പി എ മജീദിനും വേണമെന്നാണ് മുസ്ലിം ലീ​ഗിൻ്റെ ആ​ഗ്രഹം. രണ്ടര വർഷത്തിന് ശേഷം മന്ത്രിയാക്കാമെന്ന് വാ​ഗ്ദനമുള്ള മാണി സി കാപ്പൻ നോർക്ക വൈസ് ചെയർമാൻ സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. ദില്ലിയിൽ കേരളത്തിൻ്റെ ചുമതലയുള്ള സ്പെഷ്യൽ ഓഫീസർ പദവിയാണ് ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജൻ നോട്ടമിട്ടിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button