News

ശബരിമല തീർഥാടകർക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ; മരണപ്പെട്ടാൽ കുടുംബത്തിന് ധനസഹായം

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് ഇൻഷ്വറൻസ് പരിരക്ഷയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തീർത്ഥാടനത്തിനിടെ മരണപ്പെടുന്നവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ഇൻഷ്വറൻസ് തുക ലഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. എൽഐസിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്.

വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എന്നിവ വഴി ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. തീർത്ഥാടകർ ശബരിമലയിൽ എത്തുന്നതിന്റെ തലേദിവസം മുതൽ മൂന്ന് ദിവസത്തേക്കായിരിക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുക.മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും നട തുറക്കുന്നതിന് മുൻപ് തന്നെ പൂർത്തിയാക്കുമെന്ന് കെ ജയകുമാർ വ്യക്തമാക്കി.

മലകയറുമ്പോൾ വിശ്രമിക്കാൻ ഇരിപ്പിടങ്ങളില്ലെന്ന പരാതി പരിഹരിക്കുന്നതിനായി 200 സ്റ്റെയിൻലെസ് സ്റ്റീൽ കസേരകൾ സ്ഥാപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ മാസം 17 ന് നട തുറക്കുമ്പോൾ 50 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. അരവണ നിർമാണത്തിന് ആവശ്യമായ ശർക്കരയുടെ കാര്യത്തിൽ നിലവിൽ ആശങ്കകളില്ല. നെയ്യ് മിൽമയിൽ നിന്നാണ് വാങ്ങുന്നത്. നേരത്തെ മുറികൾ ബുക്ക് ചെയ്യുന്നതിനുണ്ടായിരുന്ന സാങ്കേതിക പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ചിട്ടുണ്ടെന്നും നിലവിൽ തടസങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button