News

എൽഡിഎഫിൽ കടുത്ത പ്രതിസന്ധി, പിണറായിക്കെതിരെ പരസ്യ പ്രതികരണവുമായി സിപിഐ

കാസർകോട്: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ എൽഡിഎഫ് കനത്ത പ്രതിസന്ധിയിൽ. പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ സിപിഐ പരസ്യമായി രംഗത്ത് വന്നു. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പി പി സുനീർ വ്യക്തമാക്കി. ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇത്. പിണറായി പറഞ്ഞത് പാർട്ടിയുടെ ആകെ നിലപാടാണോ എന്നത് സിപിഎം വ്യക്തമാക്കണം. സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി ഉണ്ടാവുമായിരുന്നില്ല. പി എം ശ്രീയിൽ ഉൾപ്പടെ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും പി പി സുനീർ പറഞ്ഞു.

അതേസമയം, സർക്കാർ ഉൾപ്പെടുന്ന വിവാദ വിഷയങ്ങൾ ഒരുപാടുണ്ടായിട്ടും എൽഡിഎഫ് യോഗം ചേരാത്തതിൽ പ്രതിപക്ഷത്ത് ആശയക്കുഴപ്പമുണ്ട്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിലെ സിപിഎം-സിപിഐ തർക്കമാണ് കാരണം. പദവി അടഞ്ഞ അധ്യായമാണെന്ന് പിണറായി വിജയൻ വ്യക്കമാക്കിയപ്പോൾ വിട്ടുവീഴ്ചക്കില്ലെന്ന് കെ രാജൻ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയമായി തോൽക്കുകയും പ്രതിപക്ഷ നിര 35ലേക്ക് ചുരുങ്ങുകയും ചെയ്ത അതേ അവസരത്തിൽ തന്നെയാണ് പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന ആവശ്യം സിപിഐ ശക്തമാക്കിയത്. പാർട്ടി മുന്നണി വേദികളിൽ പറയാതെ പരസ്യ പ്രതികരണം നടത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നിലപാടിനോട് സിപിഎം നേതൃത്വത്തിന് പ്രകടമായ നീരസവും ഉണ്ടായിരുന്നു.

അപക്വ പ്രതികരണത്തിൽ വിമർശനത്തോടൊപ്പം നിലപാടിൽ വിട്ടുവീഴ്ച പാടില്ലെന്ന കർശന നിർദേശവും ഇക്കാര്യത്തിൽ സിപിഐ സംസ്ഥാന നേതൃത്വം ബിനോയ് വിശ്വത്തിന് നൽകിയിട്ടുണ്ട്. ഉഭയകക്ഷി ചർച്ചയിലും സിപിഎം നിലപാടിൽ ഉറച്ച് നിന്നു. ഇതിന് പിന്നാലെയാണ് അവകാശവാദത്തിന് പഴുതടയ്ക്കുന്ന പിണറായി വിജയന്‍റെ മറുപടി. തെരഞ്ഞെടുപ്പിന് ശേഷം ഒരൊറ്റ തവണയാണ് ഇടതുമുന്നണി ചേർന്നത്. നിയമസഭാ കക്ഷിയോഗം പോലും ചേരാനാകാത്ത സ്ഥിതിയും ഉണ്ട് കൺവീനറുടെ അസൗകര്യമെന്നാണ് പിണറായി വിജയന്‍റെ വിശദീകരണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button