“ഉപരാഷ്ട്രപതിക്കും സുരേഷ് ഗോപിക്കും തിരിച്ചടി; ‘പ്രസ്താവനയ്ക്ക് പിന്നിൽ ഗൂഢലക്ഷ്യം'”

കോട്ടയം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇരുവരും നടത്തിയ പ്രസ്താവനകൾക്ക് മറുപടി അർഹിക്കുന്നില്ലെന്നാണ് ജി. സുകുമാരൻ നായർ അറിയിച്ചത്. ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും നടത്തിയ പ്രസ്താവനകൾക്ക് പിന്നിൽ രാഷ്ട്രീയപരമായ താതപര്യങ്ങളും ഗൂഡലക്ഷ്യങ്ങളുമുണ്ട്. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിന് ആർക്കും വിലക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷമായിരുന്നു ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും വിമർശനം ഉന്നയിച്ചത്.’നിങ്ങളാണ് എല്ലാമെന്ന് വിചാരിക്കരുത്.നിങ്ങൾ ഇപ്പോൾ എല്ലാമായിരിക്കുന്നത് മന്നത്ത് പത്മനാഭന്റെ സംഭാവനകൾ കാരണമാണ്.
അദ്ദേഹത്തിന്റെ പാരമ്പര്യം തുടർന്നു കൊണ്ടു പോകുന്ന ഉപകരണം മാത്രമാണ് നമ്മൾ. ഞാൻ പ്രസിഡന്റാണ്,ജനറൽ സെക്രട്ടറിയാണെന്ന് പറഞ്ഞ്, മന്നം സമാധിയിലേക്ക് ഇന്നയാൾ വരരുതെന്ന് നിലപാടെടുക്കാനാകില്ല. മഹത്തായ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നത് വലിയ സാമ്പത്തിക ശേഷി കൊണ്ടല്ല, പ്രതിബദ്ധത കൊണ്ടാണെന്ന് മന്നത്ത് പത്മനാഭൻ വിശ്വസിച്ചിരുന്നു’ എന്നാണ് ഉദ്ഘാടന പ്രസംഗത്തിൽ ഉപ രാഷ്ട്രപതി പറഞ്ഞത്.പെരുന്ന ശുദ്ധീകരിക്കപ്പെടുമെന്ന് ചടങ്ങിനു ശേഷം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സുരേഷ് ഗോപിയും പറഞ്ഞു.
ഒന്നുകിൽ ഇപ്പോൾ അവിടെ ഇരിക്കുന്നവർ ശുദ്ധീകരിക്കും. അല്ലെങ്കിൽ സ്വയം ശുദ്ധീകരിക്കപ്പെടും. തിരഞ്ഞെടുപ്പിന് ശേഷം വലിയ ശുദ്ധി നടന്നു. പെരുന്നയ്ക്ക് ബദൽ കണ്ടെത്തണം. ഡൽഹിയിലെ മണ്ഡപം ബദലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കേരളത്തിലെത്തിയ ഉപരാഷ്ട്രപതിക്ക് പെരുന്ന മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുമതി നൽകിയിരുന്നില്ല. 2015ൽ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ കാണാൻ സുകുമാരൻ നായർ വിസമ്മതിച്ചിരുന്നു.




