“അസഭ്യം പറഞ്ഞ് നടക്കരുത്”; സിപിഎം നേതാക്കൾക്കെതിരെ ജി. സുധാകരന്റെ വിമർശനം

ആലപ്പുഴയിൽ സിപിഎം നേതൃത്വവും അമ്പലപ്പുഴയിലെ സ്വതന്ത്ര എംഎൽഎ ജി. സുധാകരനും തമ്മിലുള്ള രാഷ്ട്രീയ വാക്‌പോര് കനക്കുന്നു. പ്രായമായ സിപിഎം നേതാക്കൾ ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറാൻ പഠിക്കാനായി വയോജന പാഠശാലയിൽ പോകണമെന്ന് ജി. സുധാകരൻ കടുത്ത ഭാഷയിൽ വിമർശിച്ചു. എതിരാളികളെ അസഭ്യം പറഞ്ഞതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ മുഴുവൻ തോറ്റതെന്നും അദ്ദേഹം പരിഹസിച്ചു. തന്റെ ഓഫീസിലേക്ക് സിപിഎം പ്രവർത്തകർ മാർച്ച് നടത്തി ചീത്തവിളിച്ചപ്പോൾ പോലീസ് അതിന് കൂട്ടുനിന്നുവെന്നും, ഭരണം മാറിയ കാര്യം ആലപ്പുഴയിലെ പോലീസ് ഇനിയും അറിഞ്ഞിട്ടില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
താൻ വർഗവഞ്ചകനാണെന്നും സമീപനം തുടർന്നാൽ കൈകാര്യം ചെയ്യുമെന്നുമുള്ള സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ മുന്നറിയിപ്പിനും സുധാകരൻ ശക്തമായ മറുപടി നൽകി. തന്നെ ആരെങ്കിലും ആക്രമിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ആർ. നാസറിനായിരിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്നെ കൈകാര്യം ചെയ്യുന്നതിന് മുൻപ് സിപഎമ്മിനെ ജനം കൈകാര്യം ചെയ്തുകഴിഞ്ഞുവെന്ന് ഓർമ്മിപ്പിച്ചു. ജില്ലാ സെക്രട്ടറി ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട നേതാവാണെന്നും, പാർട്ടിക്ക് ജനപിന്തുണ തിരികെ കൊണ്ടുവരാനുള്ള ബൗദ്ധികശേഷിയോ കായികശക്തിയോ നാസറിനില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് തുറന്നടിച്ചു.




