ലഹരിമാഫിയക്കെതിരെ സഹകരണം തേടി; നാളെ ഉച്ചയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ കാണുമെന്ന് രമേശ് ചെന്നിത്തല

കൊച്ചി: ലഹരിക്കെതിരെയുള്ള ഈ വലിയ പോരാട്ടത്തിന് പിന്തുണ തേടി നാളെ ഉച്ചയ്ക്ക് 12 മണിക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർ സ്റ്റാറുമായ വിജയിയെ കാണുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ‘തൂഫാൻ വാറിയർ’ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹം നമ്മളെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ലഹരി കടത്തിനെതിരെ അന്തർസംസ്ഥാന തലത്തിൽ ശക്തമായ പ്രതിരോധം തീർക്കുന്നതിനായി കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി നേരത്തെ സംസാരിച്ചതായും ചെന്നിത്തല അറിയിച്ചു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും വിഷയം ചർച്ച ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിക്കുമ്പോൾ ലഹരി വ്യാപനം ഇത്രയും ഭീതിജനകമായ അവസ്ഥയിലാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. വെറും 42 ദിവസത്തിനുള്ളിൽ ആറായിരത്തോളം പേരെയാണ് പദ്ധതിയുടെ ഭാഗമായി പിടികൂടിയത്. ഈ ചുരുങ്ങിയ കാലയളവിൽ 70 കോടിയിലേറെ രൂപ വിലവരുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു.
എറണാകുളത്ത് സ്കൂൾ ബസ് ഡ്രൈവർമാരെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 29 ഡ്രൈവർമാരെ കണ്ടെത്തുകയും ഇവരുടെ ലൈസൻസ് റദ്ദാക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പുതിയ രൂപത്തിലും ഭാവത്തിലും കുട്ടികളെ ലക്ഷ്യമിട്ട് എത്തുന്ന രാസലഹരികളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. വഴിയിൽ വെച്ച് അപരിചിതരോ, ക്ലാസിൽ സഹപാഠികളോ തരുന്ന മിഠായികൾ വാങ്ങി കഴിക്കരുത്. രാസലഹരി വിതരണം ചെയ്യുന്ന യഥാർത്ഥ ചാരന്മാർ നമുക്കിടയിലുണ്ട്.
അവരെ എളുപ്പത്തിലൊന്നും തിരിച്ചറിയാൻ സാധിക്കില്ല. കേരളത്തിൽ ജോലി ചെയ്യാൻ ആളില്ലാത്ത അവസ്ഥ പരിഹരിക്കുന്നത് അതിഥി തൊഴിലാളികളാണ്. അവരെല്ലാവരും മോശക്കാരാണെന്ന അഭിപ്രായം തനിക്കില്ല. എന്നാൽ അതിഥി തൊഴിലാളികളെ ലഹരി ഇടപാടുകളിലേക്ക് ചാടിക്കുന്നത് ചില മലയാളികളാണ്. എളുപ്പത്തിൽ പണമുണ്ടാക്കാൻ നോക്കുന്ന മനുഷ്യരാണ് ഈ മാഫിയക്ക് പിന്നിൽ. സ്വന്തം മക്കൾക്ക് ഇവർ ഒരിക്കലും ഈ വിഷം നൽകില്ല എന്ന കാര്യം ഓർക്കണം.
സംഗത്തിനിടയിൽ കായിക വിനോദങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ചെന്നിത്തല സംസാരിച്ചു. മുൻപ് ബ്രസീൽ ആരാധകനായിരുന്ന താൻ ഇപ്പോൾ അർജന്റീനയുടെ ആരാധകനാണെന്നും, യുവാക്കളുടെ യഥാർത്ഥ ലഹരി ഫുട്ബോൾ പോലെയുള്ള കായിക വിനോദങ്ങളായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവതലമുറ തെളിഞ്ഞ ബുദ്ധിയോടെ ചിന്തിക്കുമ്പോഴാണ് അത്ഭുതങ്ങൾ സംഭവിക്കുന്നതെന്നും കേരളത്തെ മുന്നോട്ട് നയിക്കേണ്ടത് അവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.



