ശബരിമല നെയ്യ് ക്രമക്കേട്; വിജിലൻസ് നടപടി ശക്തം, രണ്ടുപേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടിൽ രണ്ടുപേർകൂടി അറസ്റ്റിൽ. തമിഴ്നാട് ഒട്ടൻചന്ദ്രത്തെ നെയ്യ് വ്യാപാരികളായ വെങ്കിടേശ്വർ, കുമരൻ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. മിൽമയുടെ ഗോഡൗണിൽ നിന്നെടുക്കുന്ന നെയ്യ് ശബരിമലയിലേയ്ക്ക് കൊണ്ടുപോകാതെ ഈ വ്യാപാരികൾക്ക് മറിച്ചുവിൽക്കുകയായിരുന്നു. 50 ലക്ഷം രൂപയ്ക്കാണ് ഇവർക്ക് നെയ്യ് വിറ്റതെന്ന് കരാറുകാരൻ മൊഴി നൽകിയിരുന്നു. തട്ടിപ്പുനടത്തി കൊണ്ടുവന്ന നെയ്യ് ആണെന്നറിഞ്ഞാണ് ഇരുവരും നെയ്യ് വാങ്ങിയതെന്നാണ് ചുമത്തിയിരിക്കുന്ന കുറ്റം.
അതേസമയം, ശബരിമലയിലേയ്ക്ക് മിൽമയിൽ നിന്നുതന്നെ നെയ്യ് വാങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് ദേവസ്വം ബോർഡ്. 5000 ലിറ്റർ നെയ്യാണ് മിൽമ ശബരിമലയിലേക്ക് അയയ്ക്കുന്നത്. വിജിലൻസിൽ നിന്ന് അനുമതി കിട്ടിയ സാഹചര്യത്തിലാണ് മില്‍മയും ദേവസ്വം ബോർഡും തമ്മില്‍ ധാരണയിലെത്തിയത്. മുൻ വർഷം നെയ്യ് വഴിമദ്ധ്യേ മറിച്ചുവിറ്റെന്ന് കേസുള്ള സാഹചര്യത്തിൽ ഇത്തവണ മില്‍മ സ്വന്തം വാഹനത്തിലാണ് നെയ്യ് ശബരിമലയിലേക്ക് എത്തിക്കുന്നത്.
ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വഴിമദ്ധ്യേ മറിച്ചുവിറ്റ് പകരം ഗുണനിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിച്ചെന്ന കേസ് നിലനിൽക്കെയാണ് വീണ്ടും കരാർ.10,000 ലിറ്റർ നെയ്യ് അടിയന്തരമായി നൽകാനാണ് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത്. ഇതിൽ 5,000 ലിറ്റർ നെയ്യാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. ഫുഡ് സേഫ്റ്റി അടക്കമുള്ള ഗുണനിലവാര പരിശോധന കർശനമായി പൂർത്തിയാക്കിയതിനുശേഷമാണ് ശബരിമലയിലേയ്ക്ക് നെയ്യ് എത്തിക്കുന്നത്. നെയ്യ് ലിറ്ററിന് 660 രൂപയാണ് ദേവസ്വം ബോർഡിനോട് മിൽമ ആവശ്യപ്പെട്ടിരിക്കുന്നത്.




