ഭാവി സൂപ്പർസ്റ്റാർ, ഈ ഇൻഡസ്ട്രി ഇവൻ ഭരിക്കും; നസ്ലിനെ വാനോളം പുകഴ്ത്തി അറ്റ്ലി

ചെന്നൈ: മലയാളി യുവതാരം നസ്ലിന്റെ അഭിനയമികവിനെയും സ്ക്രീൻ പ്രസൻസിനെയും വാനോളം പുകഴ്ത്തി തമിഴ് സംവിധായകൻ അറ്റ്ലി. നസ്ലിൻ ഭാവിയിൽ സിനിമാ ലോകത്തെ സൂപ്പർസ്റ്റാറായി മാറുമെന്നും ഇൻഡസ്ട്രി ഭരിക്കുമെന്നും അറ്റ്ലി പ്രവചിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരത്തോടുള്ള ആരാധനയും അഭിനന്ദനവും അദ്ദേഹം തുറന്നുപറഞ്ഞത്.
സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കിയ തമിഴ് ചിത്രം ‘സീൻ’ കണ്ടശേഷമാണ് അറ്റ്ലി അഭിനന്ദനവുമായി രംഗത്തെത്തിയത്. ചിത്രത്തിൽ വില്ലനായ ഈശ്വരൻ എന്ന കഥാപാത്രത്തെയാണ് നസ്ലിൻ അവതരിപ്പിക്കുന്നത്. പതിവ് കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായ വേഷത്തിലെത്തിയ നസ്ലിന്റെ പ്രകടനം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
‘നസ്ലിൻ, എന്തൊരു പ്രകടനമാണിത്! അതിശയിപ്പിക്കുന്ന കരിഷ്മയും സ്ക്രീൻ പ്രസൻസും. ഒരു സൂപ്പർസ്റ്റാർ വളർന്നുവരുന്നത് കാണുകയാണ്. സഹോദരാ, തീർച്ചയായും നീ ഈ ഇൻഡസ്ട്രി ഭരിക്കും’ എന്നായിരുന്നു അറ്റ്ലിയുടെ വാക്കുകൾ.
ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവനെയും അറ്റ്ലി പ്രത്യേകം അഭിനന്ദിച്ചു. ഏറെക്കാലത്തിനുശേഷം പുതുമയുള്ള ആഖ്യാനശൈലിയുള്ള ഒരു മികച്ച കൊമേഴ്സ്യൽ എന്റർടെയ്നർ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജിത്തു മാധവന്റെ കഥപറച്ചിൽ ശൈലിയുടെ വലിയ ആരാധകനാണെന്നും അദ്ദേഹം കുറിച്ചു.
സൂര്യയുടെ അഭിനയത്തെയും അറ്റ്ലി പ്രശംസിച്ചു. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ആസ്വദിക്കാൻ കഴിയുന്ന സമ്പൂർണ പൈസാ വസൂൽ എന്റർടെയ്നറാണ് ചിത്രമെന്നും സൂര്യയുടെ പ്രകടനം ഗംഭീരമാണെന്നും അഭിപ്രായപ്പെട്ടു.
തമിഴ് സിനിമയിലേക്കുള്ള നസ്രിയയുടെ തിരിച്ചുവരവിനെയും അറ്റ്ലി അഭിനന്ദിച്ചു. നസ്രിയയുടെ സ്വാഭാവികമായ നർമവും അഭിനയത്തിലെ ചാരുതയും ചെറിയ ഭാവപ്രകടനങ്ങളിലെ മികവും എടുത്തുപറഞ്ഞ അദ്ദേഹം താരത്തെ ഇനിയും തമിഴ് സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.
നടൻ ആനന്ദ് രാജിന്റെ പ്രകടനത്തിനും സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെ സംഗീതത്തിനും അറ്റ്ലി അഭിനന്ദനം അറിയിച്ചു. ചിത്രത്തിന്റെ നിർമാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും അണിയറപ്രവർത്തകർക്കും ആശംസകൾ നേർന്നു.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങൾക്കുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീൻ’. തമിഴിലെ ജിത്തു മാധവന്റെ ആദ്യ സംവിധാന സംരംഭവും നസ്ലിന്റെ തമിഴ് അരങ്ങേറ്റവുമാണിത്. നവംബർ ആറിന് തിയറ്ററുകളിലെത്തിയ ചിത്രത്തിൽ സൂര്യ, നസ്രിയ, നസ്ലിൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
മലയാളത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ നസ്ലിന് തമിഴിലും ലഭിക്കുന്ന ഈ സ്വീകാര്യത താരത്തിന്റെ കരിയറിലെ ശ്രദ്ധേയമായ നേട്ടമായി മാറുകയാണ്.



