അഞ്ചുവർഷത്തെ അകൽച്ചയ്ക്ക് വിരാമം; മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലെത്തുന്നു

കോട്ടയം: പെരുന്നയിലെ എൻഎസ്‌എസ് ആസ്ഥാനം സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി വി ഡി സതീശൻ. മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തുന്നത്. ജനുവരി രണ്ടിന് നടക്കുന്ന ജയന്തി ദിന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയും എൻഎസ്‌എസും നടത്തിയ ചർച്ചയിലാണ് തീരുമാനം. അഞ്ചുവർഷത്തിനുശേഷമാണ് വി ഡി സതീശൻ പെരുന്നയിലെത്തുന്നത്. മന്ത്രി കെ മുരളീധരനും ജയന്തി ദിന സമ്മേളനത്തിൽ പങ്കെടുക്കും.
മുഖ്യമന്ത്രി പദത്തിലെത്തിയതിനുശേഷം വി ഡി സതീശനും എൻഎസ്‌എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുയർന്നിരുന്നു. വോട്ടിനുവേണ്ടി സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാനില്ലെന്ന് സതീശൻ പറഞ്ഞതാണ് അസ്വാരസ്യങ്ങൾക്ക് തുടക്കമിട്ടത്.തിരഞ്ഞെടുപ്പിന് മുൻപ് സതീശൻ തന്നെ കാണാൻ വന്നിട്ടുണ്ടെന്ന് സുകുമാരൻ നായരും തിരിച്ചടിച്ചിരുന്നു. മുഖ്യമന്ത്രി പല സമുദായ നേതാക്കളേയും അന്വേഷിച്ചു പോകുന്നുണ്ട്. എൻഎസ്‌എസ് ആസ്ഥാനത്ത് വന്നില്ലെങ്കിലും കുഴപ്പമില്ല.
ഞങ്ങൾ ഇനി ഇവരെ കാണാൻ ഉദ്ദേശിക്കുന്നില്ല, കാണുകയും വേണ്ട. എൻഎസ്‌എസിനെ ആരു വിചാരിച്ചാലും ഒരു ചുക്കും ചെയ്യാനില്ല. ഞങ്ങളെ വർഗീയവാദികളാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും സുകുമാരൻ നായർ വിമർശിച്ചിരുന്നു.കാണണമെന്ന് ജി സുകുമാരൻ നായർ ആവശ്യപ്പെട്ടപ്പോൾ ഉറപ്പായും കാണാമെന്ന് സുകുമാരൻ നായരോട് താൻ പറഞ്ഞുവെന്നാണ് വി ഡി സതീശൻ പ്രതികരിച്ചത്.പിന്നീട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ വാർത്ത വരുന്നു അദ്ദേഹത്തെ കാണാൻ അനുമതി നൽകിയില്ലെന്ന്. അത് അദ്ദേഹം പറഞ്ഞതാണോയെന്ന് അറിയില്ലെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.



