സോഷ്യൽ മീഡിയയിലെ വൈറൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കും ഇനി നിയന്ത്രണം; നിലമ്പൂർ ദുരന്തത്തിന് പിന്നാലെ സർക്കാരിന്റെ കർശന നടപടി

സാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽപെടാത്തതും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായി എത്തുന്നതുമായ പ്രദേശങ്ങളിൽ ഇനി സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിലമ്പൂർ ടി.കെ. കോളനിയിൽ മലവെള്ളപ്പാച്ചിലിനെ തുടർന്നുണ്ടായ ദുരന്തസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ അന്തിമ തീരുമാനം വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളുമെന്നും അറിയിച്ചു.
വലിയ മണ്ണിടിച്ചിലോ സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് നിലമ്പൂരിൽ ഇത്തരമൊരു അപകടമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. സന്നദ്ധ പ്രവർത്തകരുടെ സേവനവും പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾക്ക് പുറമേ, 20 മുതൽ 25 കിലോമീറ്റർ ചുറ്റളവിൽ ഉണ്ടാകുന്ന പ്രാദേശിക കാലാവസ്ഥാ മാറ്റങ്ങളും അതിതീവ്ര മഴയും മുൻകൂട്ടി കണ്ടെത്താൻ പ്രത്യേക സംവിധാനം ഒരുക്കും. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെ സാങ്കേതിക സഹകരണത്തോടെ രാജ്യത്തെ മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃത്യമായ കാലാവസ്ഥാ പ്രവചനം, വേഗത്തിലുള്ള മുന്നറിയിപ്പ്, അപകടസാധ്യതയുള്ളവരെ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റൽ എന്നീ മൂന്ന് ഘട്ടങ്ങൾ ഏകോപിപ്പിക്കുന്നതിനായി കർശന പ്രോട്ടോക്കോളും തയ്യാറാക്കും.
ഓരോ ജില്ലയിലെയും ദുരന്തസാധ്യത വ്യത്യസ്തമായതിനാൽ ജില്ലകളുടെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമാക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനിൽകുമാർ, പി.കെ. ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പി. അഷ്റഫ് അലി, വി.എസ്. ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ തുടങ്ങിയവരും സന്ദർശനത്തിൽ പങ്കെടുത്തു.




