പിണറായി വിജയനെതിരെ അന്വേഷണം; എസ്ഐടി രൂപീകരിച്ച് സർക്കാർ, അന്വേഷണച്ചുമതല എസ് പി വിക്രമന്

തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. സംഘത്തിൽ മൂന്ന് ഡിവൈഎസ്‌പിമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മെസി വിവാദത്തിൽ എഡിജിപി പി വിജയന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള എസ്ഐടിയുടെയും അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി വിക്രമനാണ്.
മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മകൾ വീണ ടി, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ആഭ്യന്തര വകുപ്പ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിന്റെയും അഡ്വക്കേറ്റ് ജനറൽ (എ.ജി), ഡിജിപി എന്നിവർ നൽകിയ നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
പുതുതായി രൂപീകരിച്ച എസ്ഐടിയോട് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാഥമിക അന്വേഷണം 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. അതിനുശേഷമായിരിക്കും കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോകണോ അതോ വിജിലൻസിന് കേസ് കൈമാറണോ എന്നുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത്.




