പൊലീസ് സ്റ്റേഷനുകളിൽ മനുഷ്യത്വം നഷ്ടപ്പെടുന്നുവെന്ന് പിണറായി വിജയൻ; പി.ആർ.ഒ സംവിധാനം ഒഴിവാക്കുന്നതിൽ സർക്കാരിനെതിരെ വിമർശനം

പൊലീസ് സ്റ്റേഷനുകളിലെ പബ്ലിക് റിലേഷൻസ് ഓഫീസർ സംവിധാനം ഒഴിവാക്കി ‘സിറ്റിസൺ ഹെൽപ്പ് ഡെസ്ക്’ നടപ്പിലാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. ഈ തീരുമാനം സാധാരണക്കാരായ ജനങ്ങൾക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും, ‘ജനസൗഹൃദ പൊലീസിങ്’ എന്ന ആശയത്തിന് തന്നെ ഇത് വിഘാതമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരാതികളുമായി സ്റ്റേഷനിലെത്തുന്ന സാധാരണക്കാർക്ക് ലഭിക്കേണ്ടത് അനുഭാവപൂർവ്വം കേൾക്കുന്ന മാനുഷിക മുഖമാണെന്നും, എന്നാൽ പുതിയ ഹെൽപ്പ് ഡെസ്ക് സംവിധാനം വെറുമൊരു മെക്കാനിക്കൽ കൗണ്ടർ സിസ്റ്റമായി മാറാനാണ് സാധ്യതയെന്നും പിണറായി വിജയൻ വിമർശിച്ചു. ജനങ്ങളെ നേരിട്ട് കണ്ട് ആശ്വാസം നൽകാൻ പ്രത്യേക ഉദ്യോഗസ്ഥൻ ഇല്ലാതാകുന്നത് പൊലീസും പൊതുജനങ്ങളും തമ്മിലുള്ള മാനസിക അകൽച്ച വർദ്ധിപ്പിക്കും.
സൈബർ പരാതികൾ, വിവരാവകാശം, എഫ്.ഐ.ആർ പകർപ്പ്, വിവിധ അപേക്ഷകൾ തുടങ്ങി പന്ത്രണ്ടോളം വ്യത്യസ്ത സേവനങ്ങളാണ് ഒറ്റ ഹെൽപ്പ് ഡെസ്കിലേക്ക് മാറ്റിയിരിക്കുന്നത്. കമ്പ്യൂട്ടർ എൻട്രികളും മറ്റ് ക്ലറിക്കൽ ജോലികളുടെ തിരക്കിലുമുള്ള ജീവനക്കാർക്ക് സ്റ്റേഷനിലെത്തുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കാൻ സാധിക്കാതെ വരുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കും. പൊലീസിനെ ഭയമില്ലാതെ സമീപിക്കാൻ ജനങ്ങൾക്ക് ലഭിച്ചിരുന്ന ഇടമാണ് ഇതിലൂടെ നഷ്ടമാകുന്നതെന്നും, അതിനാൽ മനുഷ്യത്വപരമായ മുഖം നഷ്ടപ്പെടാത്ത രീതിയിൽ സർക്കാർ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




