കോൺഗ്രസ് പ്രവർത്തനം നിശ്ചലമെന്ന് മുല്ലപ്പള്ളി! കെപിസിസി പുനഃസംഘടന വൈകുന്നതിൽ ഹൈക്കമാൻഡിനെതിരെ വിമർശനം

കെപിസിസി പുനഃസംഘടന അനിശ്ചിതമായി നീളുന്നതിൽ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പുതിയ അധ്യക്ഷൻ ഇല്ലാത്തതിനാൽ സംസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തനം പൂർണ്ണമായും സ്തംഭനാവസ്ഥയിലാണെന്നും, രാഷ്ട്രീയ നിലപാടുകൾ യഥാസമയം വ്യക്തമാക്കാൻ പാർട്ടിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി മാസങ്ങൾ പിന്നിട്ടിട്ടും പാർട്ടിയിൽ അനിശ്ചിതത്വം തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് അറിയിച്ചതാണെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. ഹൈക്കമാൻഡാണ് വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കേണ്ടത്. എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കേരളത്തിൽ നിന്നുള്ള നേതാവായതിനാൽ അദ്ദേഹത്തിന് കാര്യങ്ങൾ വ്യക്തമായി അറിയാമെന്നും തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. എന്നാൽ ദളിത് വിഭാഗത്തെ അവഗണിക്കുന്നുവെന്ന പരാതികൾ അദ്ദേഹം തള്ളുകയും ചെയ്തു.
മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയ മുതിർന്ന നേതാക്കൾ നേരത്തെ തന്നെ ഹൈക്കമാൻഡിനെ കണ്ട് നിലപാട് അറിയിച്ചിരുന്നു. സർക്കാരുമായി സഹകരിച്ചു മുന്നോട്ട് പോകുന്ന നേതാവിനെ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കണമെന്നാണ് വി.ഡി സതീശൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ പുതിയ അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനമാകാതെ പുനഃസംഘടന നീളുന്നത് കോൺഗ്രസിനുള്ളിൽ വലിയ ഭിന്നതയ്ക്കും അമർഷത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. നേതൃത്വത്തിന്റെ മൗനത്തിനെതിരെ മുതിർന്ന നേതാക്കൾ തന്നെ പരസ്യമായി രംഗത്തെത്തിയത് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.




