അപസ്മാര മരുന്ന് നിർത്താൻ ChatGPT നിർദേശിച്ചെന്ന് ആരോപണം; യുവതിയുടെ മരണത്തിൽ OpenAIക്കെതിരെ കേസ്

ന്യൂയോർക്ക്: അപസ്മാര രോഗത്തിന് കഴിച്ചുകൊണ്ടിരുന്ന മരുന്ന് നിർത്താൻ ChatGPT നിർദേശിച്ചെന്നും ഇതിന് പിന്നാലെ യുവതി മരിച്ചെന്നും ആരോപിച്ച് OpenAIക്കെതിരെ കേസ്. അമേരിക്കയിലെ സിയാറ്റിലിൽ താമസിച്ചിരുന്ന 31കാരിയായ ബോവൻ വാന്റെ മരണവുമായി ബന്ധപ്പെട്ടാണ് മാതാപിതാക്കൾ നിയമനടപടി സ്വീകരിച്ചത്.
2026 ഒക്ടോബർ 27നാണ് ബോവന്റെ മാതാപിതാക്കളായ ക്വൻ വാനും മെയ്ക്വിൻ സൂവും കോടതിയെ സമീപിച്ചത്. വർഷങ്ങളായി അപസ്മാരത്തിന് മരുന്ന് കഴിച്ചിരുന്ന ബോവൻ, മരുന്നിന്റെ പാർശ്വഫലങ്ങൾ കാരണം സംസാരിക്കാനും ചിന്തിക്കാനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. ജോലി അഭിമുഖങ്ങളെ ബാധിക്കുമെന്ന ആശങ്കയിൽ മരുന്നിന്റെ അളവ് കുറയ്ക്കാനുള്ള മാർഗം തേടിയാണ് യുവതി ChatGPTയുടെ സഹായം തേടിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ChatGPT മരുന്നിന്റെ അളവ് ക്രമേണ കുറച്ച് പൂർണമായി നിർത്തുന്നതിനുള്ള ദിവസേനയുള്ള നിർദേശങ്ങൾ നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ഡോക്ടർമാരുടെ നിർദേശമില്ലാതെയാണ് ഈ മാറ്റങ്ങൾ നടപ്പാക്കിയതെന്നും മരുന്ന് നിർത്തുന്ന വിവരം ഡോക്ടർമാരിൽനിന്ന് മറച്ചുവെക്കാൻ ചാറ്റ്ബോട്ട് പ്രേരിപ്പിച്ചെന്നും കുടുംബം ആരോപിക്കുന്നു.
ലാമോട്രിജിൻ എന്ന അപസ്മാരത്തിനുള്ള മരുന്നാണ് ബോവൻ കഴിച്ചിരുന്നത്. ഏകദേശം 25 ദിവസത്തിനുള്ളിൽ 400 മില്ലിഗ്രാം അളവിൽനിന്ന് മരുന്ന് പൂർണമായി നിർത്തുന്ന രീതിയിലുള്ള പദ്ധതി ChatGPT തയ്യാറാക്കിയെന്നാണ് കേസ്. 2026 ഫെബ്രുവരി 12നാണ് ബോവനെ അപ്പാർട്ട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കിംഗ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ട് പ്രകാരം അപസ്മാരവുമായി ബന്ധപ്പെട്ട പെട്ടെന്നുള്ള അപ്രതീക്ഷിത മരണമാണ് (SUDEP) സംഭവിച്ചത്. മരണശേഷം നടത്തിയ പരിശോധനയിൽ രക്തത്തിലെ ലാമോട്രിജിന്റെ അളവ് ചികിത്സയ്ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ അളവിന്റെ അഞ്ചിലൊന്നോളം മാത്രമായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ChatGPT ഒരു ഡോക്ടറെപ്പോലെ ആത്മവിശ്വാസത്തോടെ മെഡിക്കൽ നിർദേശങ്ങൾ നൽകിയെന്നും എന്നാൽ അതിന് ആവശ്യമായ വൈദ്യപരിശീലനമോ ഉത്തരവാദിത്തമോ ഇല്ലായിരുന്നുവെന്നും കുടുംബത്തിന്റെ അഭിഭാഷകർ ആരോപിച്ചു. ആരോഗ്യപരമായ നിർണായക തീരുമാനങ്ങളിൽ എഐ ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നതിന്റെ അപകടസാധ്യതയാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നും അവർ പറഞ്ഞു.




